Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരം: പിന്തുണയുമായി കെസിബിസി, ഈ മാസം 14 മുതൽ 18 വരെ ബഹുജന മാർച്ച്

പ്രതിഷേധത്തിൽ പങ്കെടുക്കാൻ രൂപതകളോട് ആഹ്വാനം ചെയ്ത്  കെസിബിസി അധ്യക്ഷൻ കര്‍ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി 

KCBC supports Vizhinjam strike
Author
First Published Sep 10, 2022, 1:21 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യവുമായി കെസിബിസി. കെസിബിസിയുടെ നേതൃത്വത്തിൽ ഈ മാസം 14 മുതൽ 18 വരെ മൂലമ്പള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര നടത്തും. 18ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് ആംരംഭിക്കുന്ന ബഹുജന മാര്‍ച്ച് അദാനി തുറമുഖത്ത് അവസാനിക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ കെസിബിസി അധ്യക്ഷൻ കര്‍ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി രൂപതകളോട് ആഹ്വാനം ചെയ്തു.

അതേസമയം, വിഴിഞ്ഞത്ത് തുറമുഖ ഉപരോധ സമരം ഇന്ന് ഇരുപത്തിയാറാം ദിനത്തിലേക്ക് കടന്നു. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്‍റ് സേവ്യേഴ്സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാണ്. മൂന്ന് വൈദികരും മൂന്ന് അൽമായരുമാണ് ഇന്ന് ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്. സർക്കാരുമായുള്ള തുടർ ചർച്ചകൾ വഴിമുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നത് തീരുമാനിക്കാനായി ഇന്നലെ സമരസമിതി യോഗം ചേർന്നിരുന്നു. മൂലമ്പള്ളിയും, ചെല്ലാനവും ഉൾപ്പടെയുള്ള പ്രദേശങ്ങളിലും സമരം വ്യാപിപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. 

വിഴിഞ്ഞം സമരം 26 ആം ദിനം, റിലേ ഉപവാസ സമരവും തുടരുന്നു

ഇതിനിടെ,  കൊച്ചി , ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളത്ത് ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും. വൈകിട്ട് നാലിന് ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തുറമുഖ തീർത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യചങ്ങല തീർക്കുക. ടെട്രാ പോഡ് കടൽഭിത്തി നിർമ്മാണം പോർട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക. വിഴിഞ്ഞം തുറമുഖം വിദഗ്ധ പഠനം നടത്തുക, തീര സുരക്ഷ ഉറപ്പാക്കുന്നതു വരെ തുറമുഖ നിർമാണം നിര്‍ത്തിവയ്ക്കുക, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പ് നൽകുക, എന്നീ ആവശ്യങ്ങളുമായാണ് മനുഷ്യ ചങ്ങല. മനുഷ്യ ചങ്ങലയിൽ 17,000 പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

Follow Us:
Download App:
  • android
  • ios