'ഈ നാട് വെള്ളത്തിൽ മുങ്ങി നിന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സഭയാണിത്. ആ സഭയെയാണ് കലാപാഹ്വാനം ചെയ്തുവെന്ന് പറയുന്നത്'

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തവാദ പ്രസ്താവന നടത്തരുതെന്ന് അദ്ദേഹം മന്ത്രിക്കെതിരെ പറഞ്ഞു. മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയർത്ത് സംസാരിച്ചത്. അവിടെ സഖാക്കളെ നിരത്തി ഒരു നാടകത്തിനാണ് മന്ത്രിമാർ ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് പ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നാട് വെള്ളത്തിൽ മുങ്ങി നിന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സഭയാണിത്. ആ സഭയെയാണ് കലാപാഹ്വാനം ചെയ്തുവെന്ന് പറയുന്നത്. പളികളിൽ അനധികൃത പിരിവ് നടത്തുന്നില്ല. മുസ്ലീം, ധീവര സമുദായങ്ങളെല്ലാം അവരുടെ അംഗങ്ങളിൽ നിന്നും സംഭാവന വാങ്ങുന്നുണ്ട്. സഭ അംഗങ്ങളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമാണ് ഈ പണം വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More: മുതലപ്പൊഴിയിലെ അപകടം: മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പെരേര,ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി

സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് സഭക്ക് ചെയ്യേണ്ടി വരുന്നത്. വിഴിഞ്ഞത്ത് നടന്ന കാര്യങ്ങളെ കുറിച്ച് ഒരു പുസ്തകം സഭ പ്രസിദ്ധീകരിക്കും. മന്ത്രി എന്നോട് ഷോ കാണിക്കരുതെന്ന് പറഞ്ഞു. ആന്റണി രാജുവും മത്സ്യത്തൊഴിലാളികളോട് ക്ഷുഭിതനായി സംസാരിച്ചു. കൈയിലിരിക്കുന്ന പവർ പോകുമ്പോഴാണ് ഇത്തരം പ്രസ്താവനകൾ. പിരിവിനെതിരെ ഒരു നടപടിയും സർക്കാർ കൊണ്ടുവന്നിട്ടില്ല. ചിലതുമായി മുന്നോട്ടു വരും പിന്നീട് നാലു ചുവട് പിന്നോട്ടു പോകുന്നതാണ് സർക്കാരിന്റെ രീതി. തീരദേശ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

YouTube video player