ദില്ലി: ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി ലത്തീൻ സഭ. ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ടെന്ന് സഭ. എല്ലാ ധാരണാപത്രങ്ങളും, ഭൂമി ഇടപാടും സർക്കാർ റദ്ദുചെയ്യണമെന്നും ലത്തീൻ അതിരൂപത മുൻ വികാരി ജനറലും, സി ബി സി ഐ ലേബർ സെക്രട്ടറിയുമായ ഫാ. യൂജിൻ പെരേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേന്ദ്രത്തിന്റെ കാർഷിക നയം പോലെയാണ് സർക്കാരിന്റെ നടപടി.  ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. സർക്കാർ അമേരിക്കൻ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിൻ്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരും. മുന്നണികളുടെ പ്രകടനപത്രികയിൽ മത്സ്യബന്ധന മേഖലയുടെ പൂർണ്ണ അവകാശം മത്സ്യതൊഴിലാളിൾക്കെന്ന് വ്യക്തമാക്കണമെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു.