Asianet News MalayalamAsianet News Malayalam

പട്ടയ ഭൂമിയിലെ നിർമ്മാണങ്ങൾ ക്രമപ്പെടുത്തും,ഭൂപതിവ് നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും

ഇടുക്കിയിലടക്കം പട്ടയഭൂമിയിലെ നിര്‍മ്മാണങ്ങൾ വ്യവസ്ഥകൾ വച്ച് ക്രമപ്പെടുത്തി നൽകും.അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്തും

 

Law amendment to solve land problems in Idukki district, constructions on Pattaya land will be regulated
Author
First Published Jan 10, 2023, 2:50 PM IST

തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23  നു  ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.1960 ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ത്താണ് നിയമ ഭേദഗതി.  ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും  ഭേദഗതി ചെയ്യും. 

 

ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും (1500 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. 

1500 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കില്‍ ഉയർന്ന ഫീസുകൾ ഈടാക്കുന്നത് പരിഗണിക്കും.   ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ് സ്റ്റാന്‍റുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വ്വചിച്ചിട്ടുള്ളവ  ആണ്  ഇങ്ങനെ ഒഴിവാക്കുക. സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകും വിധത്തില്‍ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍  തയ്യാറാക്കാൻ റവന്യൂ -നിയമ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 

Follow Us:
Download App:
  • android
  • ios