മാസപ്പടിക്കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. എന്നാൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ദില്ലി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീലിൽ അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരി​ഗണിക്കവെയാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ഇതിന് കഴിഞ്ഞില്ലെങ്കിൽ ഈ മാസം 26ന് കേസ് കേൾക്കാമെന്ന് അറിയിച്ചു. കേസിൽ ഏജൻസികൾ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും എത്രയും വേ​ഗം അടിയന്തരവാദം കേൾക്കണമെന്നും അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര വാദിച്ചു. എന്നാൽ അടിയന്തര വാദമെന്ന ആവശ്യം സുപ്രീം കോടതി അം​ഗീകരിച്ചില്ല.

വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ ഇന്ന് സുപ്രീംകോടതിയിൽ എത്തിയത്. ആരോപണവിധേയരെ കേൾക്കാതെയുള്ള സിംഗൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് കാട്ടി അപ്പീൽ നൽകിയെങ്കിലും ഇതിൽ ഇടപെടാൻ ഡിവിഷൻ ബഞ്ച് തയ്യാറായില്ല. തുടർന്ന് വേഗത്തിൽ അപ്പീൽ ഫയൽ ചെയത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ ഇന്ന് പരാമർശിക്കുകയായിരുന്നു.

പിണറായിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കേസിൽ യതൊരു ബന്ധവുമില്ലാത്ത വ്യക്തി നൽകിയ പൊതു താൽപര്യ ഹർജിയിലാണ് സിംഗൾ ബെഞ്ച് കേസ് എടുക്കാൻ വിജിലൻസിന് നിർദ്ദേശം നൽകിയതെന്ന് വാദിച്ചു. 82 വയസുള്ള ഉന്നത രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നും കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്നും ലൂത്ര ആവശ്യപ്പെട്ടു. അറസ്റ്റ് ഉണ്ടാകില്ലെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല ബാഗ്ചി പറഞ്ഞെങ്കിലും, അറസ്റ്റിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് സിദ്ധാർത്ഥ് ലൂത്ര ആവർത്തിച്ചു. എന്നാൽ ഇന്ന് ഹർജികൾ കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസിൽ വാദം കേൾക്കുന്നത് പരിശോധിക്കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ, ദസറ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ആദ്യ ദിവസമായ ഈ മാസം 26ന് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വീണയ്ക്കും മുഹമ്മദ് റിയാസിനും വേണ്ടി പ്രമുഖ അഭിഭാഷകൻ എൻ. ഹരിഹരനാണ് ഹാജരായത്. പ്രത്യേക ബെഞ്ച് കേൾക്കുന്നതിൽ തീരുമാനം നാളെയോടെ അറിയാനാകും എന്നാണ് സുപ്രീംകോടതി വൃത്തങ്ൾ നൽകുന്ന വിവരം.ED കൈമാറിയ വിവരങ്ങൾ കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തം അല്ലെന്നാണ് പിണറായിയുടെ ഹർജിയിലെ വാദം.സി.എം.ആർ.എല്ലിന് എന്തു അനൂകൂല്യമാണ് നൽകിയതെന്ന് വ്യക്തമാക്കുന്നില്ലെന്നും ഹർജിയിൽ വാദിക്കുന്നു.