കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് വിലയിരുത്തുന്നു. എൽഡിഎഫിന്റെ ഭീമമായ പ്രചാരണ ചെലവുകൾക്കെതിരെ യുഡിഎഫ് വിമർശനം ഉന്നയിക്കുന്നുണ്ട്. ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ മുൻനിർത്തി എൽ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതും  വിമർശനമുയർത്തുന്നുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ വലിയ രീതിയിലുള്ള ഭരണവിരുദ്ധ വികാരമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് കേന്ദ്രങ്ങൾ തിരഞ്ഞെടുപ്പ് ക്യാംപെയ്ൻ മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന വോട്ട് വൈബ് സർവ്വേയിൽ 43 ശതമാനത്തോളം പേർ പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയത് ഇതിന്റെ പ്രതിഫലനമാണ് എന്നാണ് യു ഡി എഫ് ക്യാംപിന്റെ വാദം. മറ്റ് പല സർവ്വേകളിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. അതേ സമയം, ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ മുൻനിർത്തി എൽ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതും വലിയ വിമർശനമുയർത്തുന്നുണ്ട്.

എൽഡിഎഫിന്റെ പ്രചരണവുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ചും ഈ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചകൾ പുരോഗമിക്കുകയാണ്. പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന് പൊതു ഖജനാവിൽ നിന്ന് 11.21 ലക്ഷം ചെലവഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത് ഇതിന് ആക്കം കൂട്ടി. വരാനിരിക്കുന്ന സർക്കാരിന് മേൽ വലിയ സാന്പത്തിക ബാധ്യതയാണ് പിണറായി വിജയൻ ഈ പി ആർ പ്രവർത്തനങ്ങളിലൂടെ വരുത്തിവെച്ചിരിക്കുന്നത് എന്ന വിമർശനവുമായി കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു.

ഇക്കഴിഞ്ഞ മാസങ്ങളിലും പരസ്യപ്രചാരണത്തിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കുമായി എത്ര പണം ചെലവഴിച്ചിട്ടുണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകളും ഇപ്പോൾ സജീവമാകുന്നുണ്ട്. യുഡിഎഫ് നേതൃത്വത്തിന്റെ ഏകോപിതമായ പ്രവർത്തനം ഇത്തവണ ശ്രദ്ധേയമായ മറ്റമുണ്ടാക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളക്കം പറയുന്നത്. പത്തനംതിട്ട, ചാലക്കുടി, കൊടുങ്ങല്ലൂർ, പുതുപ്പള്ളി, വൈക്കം, കോട്ടയം തുടങ്ങിയ മണ്ഡലങ്ങളിൽ നേരിട്ടെത്തി കെ.സി. വേണുഗോപാൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് പ്രചാരണത്തിൽ ഏറെ മുന്നിലെത്താൻ യുഡിഎഫിന് ഗുണം ചെയ്തുവെന്ന് നേതാക്കൾ പറയുന്നു.

എറണാകുളം, കൊച്ചി, തൃക്കാക്കര, പിറവം മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വി.ഡി. സതീശൻ നേതൃത്വം നൽകുന്നു എന്നും ഇത് യുഡിഎഫിന്റെ ആത്മവിശ്വാസമുയർത്തുന്നു എന്നും പ്രവർത്തകർ അവകാശപ്പെടുന്നു. ഇരിങ്ങാലക്കുട, തിരുവല്ല, കടുത്തുരുത്തി, പാലാ, ഏറ്റുമാനൂർ തുടങ്ങിയ മണ്ഡലങ്ങളിൽ രമേശ് ചെന്നിത്തലയും പര്യടനങ്ങൾ നടത്തി പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നു എന്നും യുഡിഎഫ് കരുതുന്നുണ്ട്.