പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി വിവാദമാകുന്നു. പൊതുവേദികള്‍ ചോദ്യം ചോദിക്കാനുള്ളതല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും, അദ്ദേഹത്തിന്റെ ശൈലി പൊതുജനങ്ങളില്‍ നിന്ന് അകലുന്നുവെന്ന വിമര്‍ശനം ശക്തമാവുകയാണ്.

പൊതുവേദിയിലെ ഇടപെടലുകളുടെ പേരിലും കര്‍ക്കശമായ പെരുമാറ്റത്തിന്റെ പേരിലും കേരള രാഷ്ട്രീയത്തില്‍ ഒരുപാട് വിമർശനങ്ങൾക്ക് വിധേയനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇന്നലെ പത്തനംതിട്ടയില്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനിടെയുണ്ടായ സംഭവം ഇതിന്റെ തുടര്‍ച്ചയായാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പൊതു വേദിയില്‍ പ്രസംഗിക്കുകയായിരുന്ന മുഖ്യമന്ത്രിയോട്, ഒരു ചോദ്യം ചോദിച്ചോട്ടെ എന്ന് വിളിച്ചുപറഞ്ഞ ആളോട് അത് വീട്ടില്‍പ്പോയി ചോദിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇന്നലെ മുതല്‍ ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായി. ഈ തെഞ്ഞെടുപ്പു കാലത്തും പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിന് കുറവില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. സംഭവം വലിയ വിവാദമായതോടെ മുഖ്യമന്ത്രിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗമെന്നും അതിന് അതിന്റേതായ രീതിയുണ്ടെന്നുമാണ് മുഖ്യമന്ത്രി ഇന്ന് മറുപടി പറഞ്ഞത്.

പൊതുജനങ്ങളുമായി നേരിട്ടുള്ള ഇടപെടലുകള്‍ ഒഴിവാക്കി ഒറ്റ ദിശയില്‍ സഞ്ചരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന വിമര്‍ശനത്തിന് ആക്കം പകരുന്നതാണ് പുതിയ സംഭവവികാസവും. ചോദ്യം ചോദിക്കാന്‍ അവസരമില്ലാത്ത 'മന്‍ കി ബാത്' റേഡിയോ പരിപാടിയുടെ മാതൃകയാണ് മുഖ്യമന്ത്രിയുടെ പ്രസം​ഗങ്ങൾ എന്നാണ് എതിരാളികളും വിമര്‍ശകരും കാണുന്നത്. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന ശൈലിയാണ് മുഖ്യമന്ത്രിയുടേതെന്നും പൊതുചര്‍ച്ചകള്‍ ഒഴിവാക്കി പിആര്‍ പരിപാടികളില്‍ മാത്രം പങ്കെടുക്കുന്ന ആളായി മുഖ്യമന്ത്രി മാറുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പൊതുജനങ്ങളോട് അടുത്തിടപഴകുന്ന, മാധ്യമങ്ങളുടെ ഏത് കടുത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള സന്നദ്ധതയും കാണിക്കുന്നതാണ് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടാറുണ്ട്.