തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. യുഎപിഎ ചുമത്തിയതിൽ പൊലീസിന് തെറ്റുപറ്റിയെന്നും സർക്കാർ ഇത് തിരുത്തുമെന്നും എ വിജയരാഘവൻ പറഞ്ഞു. സിപിഎം അലനും താഹക്കുമൊപ്പമാണെന്ന് പറഞ്ഞ എ വിജയരാഘവൻ, സിപിഐയുടെ മാവോയിസ്റ്റ് അനുകൂല നിലപാടിനെയും വിമര്‍ശിച്ചു.

തോക്കേന്തി നടക്കുന്നത് കാട്ടിൽ പുല്ല് പറിക്കാനല്ലെന്നും കാട്ടിലല്ല നാട്ടിലാണ് രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്നും എ വിജയരാഘവൻ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലെന്ന് വിശ്വസിക്കുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎപിഎ ഇടത് സർക്കാർ നയമല്ലെന്നും എ വിജയരാഘവൻ പറഞ്ഞു. യുഎപിഎ നിയമത്തോട് എൽഡിഎഫിന് എതിർപ്പാണ് ഉള്ളത്. സർക്കാർ നിലപാടിന് എതിരായാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. മുമ്പും പൊലീസ് യുഎപിഎ ചുമത്തിയപ്പോൾ ഇടത് സർക്കാർ തിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടല്ല നടപടികളെന്നും എ വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് പന്തീരാങ്കാവിൽ സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരായ അലൻ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. 

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. സിപിഐയും പ്രതിപക്ഷ സംഘടനകളും സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ട് പേര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടി സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവര്‍ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്.