ഇഡിയുടെ കണ്ടെത്തലിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കൈകൾ ശുദ്ധമെന്ന് റിയാസ് പറഞ്ഞിട്ടുണ്ടെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. പിണറായിക്കെതിരെ പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എൽഡിഎഫിനെ ബാധിക്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കൈകൾ ശുദ്ധമെന്ന് റിയാസ് പറഞ്ഞിട്ടുണ്ട്. കണ്ടെത്തൽ എന്നു പറഞ്ഞ് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ ശരിയെങ്കിൽ അറസ്റ്റ് ചെയ്യാമല്ലോ എന്നും ടി പി രാമകൃഷ്ണൻ ചോദിച്ചു. പിണറായിക്കെതിരെ പുകമറ സൃഷ്ടിക്കുകയാണെന്നും ടി പി രാമകൃഷ്ണൻ ആരോപിച്ചു.

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട. എന്തിനാണ് പിണറായിയുടെ വീട് റെയ്ഡ് നടത്തിയത്? റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകളിൽ എന്തിന് പരിശോധന നടത്തി? അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ലെന്നും ടി പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സിപിഎമ്മിനും പിണറായിക്കും എതിരായ ഗൂഢാലോചന നടക്കുന്നതായും ടി പി രാമകൃഷ്ണൻ ആരോപിച്ചു. രണ്ടു കമ്പനികൾ തമ്മിലുള്ള പ്രശ്നം അല്ലേ. നേരത്തെ ഇഡി നടത്തിയ ഗൂഢനീക്കങ്ങൾ പൊളിഞ്ഞു. വീണയുടെ ഡയറി കിട്ടി എന്ന് പറഞ്ഞു പുകമറ ഉണ്ടാക്കുന്നു. വീണ തെറ്റ് ചെയ്തു എന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് എന്ന് ചോദിച്ച ടി പി രാമകൃഷ്ണൻ കണ്ടെത്തൽ ശരിയെങ്കിൽ കേസ് എടുക്കട്ടെയെന്നും പറഞ്ഞു.