Asianet News MalayalamAsianet News Malayalam

പ്രതിപക്ഷത്തിന് ആശ്വാസം; വാർഡ് വിഭജനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്, ഓർഡിനൻസ് പരിഗണനയിൽ

മുനിസിപ്പാലിറ്റി നിയമത്തിൽ വരുത്തിയ ഭേദഗതി പിൻവലിക്കാനായി സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരും. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചേക്കും

LDF govt to pass ordinance to withdraw ward division amendment in Municipality act
Author
Thiruvananthapuram, First Published Apr 28, 2020, 8:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകൾ വിഭജിക്കാനുള്ള മുൻ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഇനി വാർഡ് വിഭജനം സാധ്യമല്ലെന്നാണ് വിലയിരുത്തൽ. ഇതോടെ മുനിസിപ്പാലിറ്റി നിയമത്തിൽ വരുത്തിയ ഭേദഗതി പിൻവലിക്കാനായി സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരും. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചേക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ തന്നെ നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. നിലവിലെ വാർഡുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങണം. വാർഡ് വിഭജനം ഇനി സാധ്യമല്ലെന്നും കോടിയേരി പറഞ്ഞു. നിയമം മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും സി പി എം ആവശ്യപ്പെട്ടു.

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് സംസ്ഥാന സർക്കാർ ആദ്യം ഓർഡിനൻസ് ഇറക്കിയിരുന്നുവെങ്കിലും ഗവർണർ ഇതിൽ ഒപ്പിട്ടില്ല. ഇതേ തുടർന്ന് ഇത് മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ലായി നിയമസഭയിൽ അവതരിപ്പിച്ച് സർക്കാർ പാസാക്കി. ഇതിൽ ഗവർണർ ഒപ്പുവച്ചതോടെ നിയമഭേദഗതി നിലവിൽ വന്നിരുന്നു.

വാർഡുകൾ വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തെ തുടക്കം മുതൽ പ്രതിപക്ഷ കക്ഷികൾ എതിർത്തിരുന്നു. ആദ്യം പാസാക്കിയ ഓർഡിനൻസിനെതിരെ ഗവർണറെ കണ്ട് പ്രതിപക്ഷം ഇതിൽ ഒപ്പുവയ്ക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ബില്ല് പാസാക്കിയ ഘട്ടത്തിലും പ്രതിപക്ഷം എതിർപ്പുന്നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് എന്നായിരുന്നു ആരോപണം. കൊവിഡ് ബാധയെ തുടർന്നാണ് സംസ്ഥാന സർക്കാർ തങ്ങളുടെ ഉറച്ച തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്നത്. ഫലത്തിൽ ഇത് പ്രതിപക്ഷത്തിന് സന്തോഷം നൽകുന്ന തീരുമാനമാണ്.

Follow Us:
Download App:
  • android
  • ios