Asianet News MalayalamAsianet News Malayalam

ഇടതിന് മേൽക്കൈ നൽകി തിരുവനന്തപുരം; നാല് നിഷ്പക്ഷ മണ്ഡലങ്ങളും ഇക്കുറി എൽഡിഎഫിനൊപ്പം

കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വന്ന കണക്കുകളാണ് ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നത്.വാർഡുകളുടെ കണക്കിൽ നേമത്ത് ബിജെപിയാണ് മുന്നിലെങ്കിലും ആകെ വോട്ടെണ്ണത്തിൽ നേരിയ മുൻതൂക്കം എൽഡിഎഫിനാണ്.കഴക്കൂട്ടത്താണ് എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടത്.

ldf have importance in 4 assembly seats in trivandrum election 2020 follow up
Author
Thiruvananthapuram, First Published Dec 18, 2020, 6:49 AM IST

തിരുവനന്തപുരം: സ്ഥിരമായി ആർക്കൊപ്പവും ചായാത്ത തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡ‍ലങ്ങളിലും എൽഡിഎഫിന് ആധിപത്യം. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വന്ന കണക്കുകളാണ് ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നത്.വാർഡുകളുടെ കണക്കിൽ നേമത്ത് ബിജെപിയാണ് മുന്നിലെങ്കിലും ആകെ വോട്ടെണ്ണത്തിൽ നേരിയ മുൻതൂക്കം എൽഡിഎഫിനാണ്.കഴക്കൂട്ടത്താണ് എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടത്.

തിരുവനന്തപുരം,വട്ടിയൂർക്കാവ്,നേമം,കഴക്കൂട്ടം മണ്ഡലങ്ങളും കോവളം മണ്ഡലത്തിലെ അഞ്ച് വാർഡുകളും ചേരുന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ. മൂന്ന് മാസങ്ങൾക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണ് വോട്ടിംഗ് കണക്ക്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 22 വാർഡുകളിൽ 12ഇടത്ത് എൽഡിഎഫ് ഒൻപതിടത്ത് ബിജെപി മൂന്നിടത്ത് കോണ്‍ഗ്രസ്. ആകെ വോട്ടെണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ബിജെപിയെക്കാൾ നാലായിരത്തിലേറെ വോട്ട് വ്യത്യാസം എൽഡിഎഫിനുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 51000വോട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 25000ൽപരം വോട്ട് മാത്രം. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്ക് ശേഷവും തിളക്കം മങ്ങാതെ എൽഡിഎഫ്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച നേമത്ത് വാ‍‍‍ർഡുകളുടെ എണ്ണം നോക്കിയാൽ 23ൽ 14ലും കാവിപുതച്ചു. ചുവന്നത് ഒൻപത് വാർഡുകൾ. യുഡിഎഫ് സംപ്യൂജ്യർ. എന്നാൽ വോട്ടെണ്ണത്തിൽ ബിജെപിയെക്കാളും മൂന്നൂറ് വോട്ടിന്‍റെ മേൽക്കൈ നേമത്ത് എൽഡിഎഫിനാണ്. യുഡിഎഫ് സിറ്റംഗ് സീറ്റായ തിരുവനന്തപുരത്ത് യുഡിഎഫിന് 2 സീറ്റ് മാത്രം. 2016ൽ 46000ൽ പരം വോട്ട് നേടിയെങ്കിൽ ഇപ്പോൾ 27,000 മാത്രം. 16 സീറ്റുള്ള എൽഡിഎഫിന്‍റെ വോട്ട് വളർച്ച 35,569ൽ നിന്നും നാൽപതിനായിരത്തിലേക്ക്.34,764 2016ൽ നേടിയ ബിജെപി 29000ത്തിലേക്ക് ചുരുങ്ങി. 

നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പനെ തന്നെ ഇറക്കാൻ ബിജെപി തീരുമാനിച്ച കഴക്കൂട്ടത്ത് ഇപ്പോഴത്തെ ഫലം ശുഭസൂചകമല്ല. 22 വാർഡുകളിൽ അഞ്ചിടത്ത് മാത്രമാണ് ബിജെപി എൽഡിഎഫിന് 14 സീറ്റുകൾ യുഡിഎഫിന് മൂന്ന്. എൽഡിഎഫിന് 48000പരം വോട്ടുള്ളപ്പോൾ ബിജെപിയുടെ കണക്ക് 36,309. 2016ൽ 38,602 വോട്ട് നേടിയ യുഡിഎഫിന് 32000 വോട്ടുകൾ മാത്രം. കോവളം മണ്ഡലത്തിലെ അഞ്ച് വാർഡുകളിലും ആകെ വോട്ടെണ്ണൽ എൽഡിഎഫിന് വ്യക്തമായ മേൽക്കൈ. നഗരത്തിലെ നാലിലും തീപാറുന്ന ത്രികോണ പോരാട്ടം മുന്നിൽനിൽക്കെയാണ് ആകെ കണക്കൂകളിൽ എൽഡിഎഫ് കരുത്ത്.പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ വോട്ടിംഗ് കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പിൽ മാറിമറിയുമെന്നാണ് യുഡിഎഫ് ബിജെപി കണക്കുകൂട്ടൽ.

..

Follow Us:
Download App:
  • android
  • ios