സേവ്യർ ചിറ്റിലപ്പള്ളി 70725 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എൻ വൈശാഖ് 65035 വോട്ടുകള്‍ നേടി.

വടക്കാ‍ഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് പടയോട്ടത്തിലും വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ വിജയം വിടാതെ എല്‍ഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളി. യുഡിഎഫിന്‍റെ പി എൻ വൈശാഖിനെ 5690 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോല്‍പിച്ചാണ് സേവ്യർ ചിറ്റിലപ്പള്ളി തുടര്‍ച്ചയായ രണ്ടാം തവണയും നിയമസഭയിലെത്തിയത്. സേവ്യർ ചിറ്റിലപ്പള്ളി 70725 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എൻ വൈശാഖ് 65035 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി എസ് ഉല്ലാസ് ബാബു 25844 വോട്ടുകള്‍ നേടി കരുത്തുകാട്ടി. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മാറിമാറി വിജയിച്ചു വന്നിരുന്ന മണ്ഡലത്തിൽ ഇക്കുറി കനത്ത പോരാട്ടം തന്നെയായിരുന്നു നടന്നത്.

തലപ്പിള്ളി താലൂക്കും തൃശ്ശൂർ താലൂക്കും ഉൾക്കൊള്ളുന്ന പഞ്ചായത്തുകളാണ് ഈ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. തൃശ്ശൂർ താലൂക്കിലെ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും, തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര എന്നീ ഗ്രാമപഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വടക്കാഞ്ചേരി നിയമസഭാ മണ്ഡലം ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗവുമാണ്.

2016ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മേരി തോമസിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ അനില്‍ അക്കരെയായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു 2016ൽ നടന്നത്. വെറും 43 വോട്ടുകള്‍ക്കാണ് അനില്‍ അക്കര ഇവിടെ നിന്ന് ജയിച്ചുകയറി നിയമസഭയിലെത്തിയത്. മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു.

2021ല്‍ അനില്‍ അക്കരയെ പരാജയപ്പെടുത്തി സിപിഎമ്മിന്‍റെ സേവ്യര്‍ ചിറ്റിലപ്പിള്ളി നിയമസഭയിലെത്തുകയായിരുന്നു. 15,168 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സേവ്യർ ചിറ്റിലപ്പിള്ളി അനില്‍ അക്കരയെ പരാജയപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർത്ഥി ടിഎസ് ഉല്ലാസ് ബാബു 21,747 വോട്ടുകളും നേടിയിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍പ്പെട്ട രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക