കൊച്ചി: കൊച്ചി കോർപ്പറേഷൻ ഭരണം എൽഡിഎഫ് ഉറപ്പിച്ചു. വിജയിച്ച കോൺഗ്രസ് വിമതൻകൂടി എൽഡി എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എൽഡിഎഫ് ഭരണം ഉറപ്പാക്കിയത്. ഇതോടെ വിമതൻമാരെക്കൂടെക്കൂട്ടി ഭരണം പിടിച്ച് ഹാട്രിക് തികയ്ക്കാനുളള ശ്രമം യുഡിഎഫ് ഏതാണ്ടുപേക്ഷിച്ചു.

ആകെ 74 ഡിവിഷനുകളുളള കൊച്ചി നഗരസഭയിൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആർക്കും കേവല ഭൂരിപക്ഷമായ 38ൽ എത്താനായില്ല. എൽഡിഎഫിന് 34 ഉം യു‍‍ഡിഎഫിന് 31 സീറ്റുകളാണ്ടായിരുന്നത്. വിജയിച്ച വിമതരെതേടി ഇരുകൂട്ടരും പരക്കം പാഞ്ഞെങ്കിലും എൽ ഡിഎഫ് വിരിച്ച വലയിലാണ് വിമതൻമാർ വീണത്. കോൺഗ്രസ് വിമതനായി മൽസരിച്ച് ജയിച്ച സനിൽ മോനാണ് ഒടുവിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ എൽഡിഎഫിന് നഗരസഭയിൽ 36 സീറ്റായി

ലീഗ് വിമതനായി വിജയിച്ച ടി കെ അഷ്റഫ് കഴിഞ്ഞ ദിവസം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലീഗ് സംസ്ഥാന നേതൃത്വത്തെയടക്കം ഇറക്കി അഷ്റഫിനെ അനുനിയിപ്പിക്കാനുളള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. രണ്ട് യുഡിഎഫ് വിമതൻമാർ എൽഡി എഫിനൊപ്പം പോയതോടെയാണ് കൊച്ചി നഗരസഭാ ഭരണത്തിൽ യുഡിഎഫ് ജില്ലാ നേതൃത്വം പ്രതീക്ഷ കൈവിട്ടത്.