തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം തല്‍ക്കാലം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന് നേരത്തെ ജലവിഭവ വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. 

എന്നാല്‍ വെള്ളക്കരം 30 ശതമാനം  കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാർശ എൽഡിഎഫ് തള്ളി. തദ്ദേശഭരണതെരഞ്ഞെടുപ്പിന് മുൻപ് വെള്ളക്കരം കൂട്ടിയാൽ അത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വെള്ളക്കരം കൂട്ടാന്‍ അനുയോജ്യമായ സമയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ വ്യക്തമാക്കി.

ഇപ്പോള്‍ വെള്ളക്കരം വര്‍ധിപ്പിക്കുന്നത് ജനവികാരം സര്‍ക്കാരിനെതിരെയാക്കുമെന്ന് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. അതേസമയം സര്‍ക്കാരിന് ഏറെ വിമര്‍ശനം വരുത്തിവച്ച സിഎജി റിപ്പോർട്ട് യോഗം ചർച്ച ചെയ്തില്ല. റിപ്പോർട്ട് അതിന്റെതായ ഫോറങ്ങളിലാണ്  ചർച്ച ചെയ്യേണ്ടതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫ് പ്രഖ്യാപിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് അരാജകത്വമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.