പാലക്കാട് മദ്യ നിര്‍മ്മാണ ശാലക്ക് നൽകിയ അനുമതിയിൽ പുനപരിശോധന ആവശ്യപ്പെട്ടത് പോലും കണക്കിലെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ
തിരുവനന്തപുരം : എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലക്കുള്ള അനുമതിയിൽ ഘടക കക്ഷികൾക്കിടയിലെ ഭിന്നതയ്ക്കിടെ ഇന്ന് എൽഡിഎഫ് യോഗം ചേരും. എതിർപ്പ് പരിഗണിക്കാതെ ബ്രൂവറിയിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സിപിഎം മുന്നോട്ട് പോകുന്നതിൽ സിപിഐക്കും ആർജെഡിക്കും അതൃപ്തിയാണ്. മുഖ്യമന്ത്രി തീരുമാനിക്കുന്നു, മുന്നണി അനുസരിക്കുന്നു എന്ന വിധം മുന്നോട്ട് പോകാനാകില്ലെന്ന് വിലയിരുത്തിയ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ്, തിരുത്തൽ ശക്തിയാകാൻ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വത്തിന് കഴിയാത്തതിലും വിമര്‍ശനം ഉയര്‍ന്നു.
''മുഖ്യമന്ത്രിയും സിപിഎമ്മും തനിവഴിക്കാണ് മുന്നോട്ട് പോകുന്നത്. ഘടകക്ഷികളെ കേൾക്കുന്നില്ല, നയപരമായ കാര്യങ്ങളിൽ പോലും ചര്‍ച്ചയില്ല''. പാലക്കാട് മദ്യ നിര്‍മ്മാണ ശാലക്ക് നൽകിയ അനുമതിയിൽ പുനപരിശോധന ആവശ്യപ്പെട്ടത് പോലും കണക്കിലെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ. ഒരുവശത്ത് രാഷ്ട്രീയ വിശദീകരണ യോഗമൊക്കെ നടത്തി തീരുമാനത്തെ ന്യായീകരിച്ച് എക്സൈസ് മന്ത്രി അടക്കം മുന്നോട്ട് പോകുമ്പോൾ പ്ലാന്‍റ് വേണ്ടെന്ന പാർട്ടി പൊതു വികാരം പ്രകടിപ്പിക്കാൻ പോലും നേതൃത്വത്തിന് കഴിയാത്തതിൽ എക്സിക്യൂട്ടിവിൽ വലിയ അമര്‍ഷമാണ്.
സിപിഎം നേതൃത്വവുമായി ചര്‍ച്ച ചെയ്യാൻ കഴിഞ്ഞ നിര്‍വ്വാഹക സമിതി ചുമതലപ്പെടുത്തിയിരുന്നെങ്കിലും പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലായതിനാൽ കാണാൻ കഴിഞ്ഞില്ലെന്ന വിശദീകരണമാണ് ബിനോയ് വിശ്വം നൽകിയത്. ഘടകക്ഷി അതൃപ്തി ഫലപ്രദമായി അറിയിക്കാൻ സംസ്ഥാന സെക്രട്ടറിക്ക് കഴിയാത്തതിൽ എക്സിക്യൂട്ടീവിൽ അമര്‍ഷവും ഉണ്ട്. മുന്നണി ചര്‍ച്ച ചെയ്ത ശേഷം മതി മദ്യനിര്‍മ്മാണ ശാല അനുമതിയുമായി ബന്ധപ്പട്ട തുടര്‍ പ്രവര്‍ത്തനങ്ങളെന്ന് ആര്‍ജെഡിയും ആവശ്യപ്പെട്ടിരുന്നു. ഇതടക്കം ഒന്നും സിപിഎം മുഖവിലക്ക് എടുത്തിട്ടില്ല. മുന്നണി യോഗം ചേരുമ്പോൾ ഘടകക്ഷി നേതാക്കളെടുക്കുന്ന നിലപാടിലാകും ഇനി മദ്യനിര്‍മ്മാണ ശാല അനുമതിയിലെ ഇടത് രാഷ്ട്രീയം.
കിഫ്‌ബി ടോൾ-എതിർത്തു സിപിഐ
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുകളിൽ ടോൾ കൊണ്ട് വരാനുള്ള നീക്കത്തെ എതിർത്തു സിപിഐ. ടോളിൽ എതിർപ്പും എലപ്പുള്ളിയിലെ ബ്രൂവറി വേണ്ടെന്നും ഉള്ള സിപിഐ നിലപാടിനിടെ ആണ് ഇന്ന് എൽഡിഎഫ് യോഗം വൈകീട്ട് ചേരുന്നത്. തദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടോൾ ജന വികാരം എതിരാക്കുമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ എക്സിക്യൂട്ടീവിന്റ തീരുമാനം.
