Asianet News MalayalamAsianet News Malayalam

ഇടതുമുന്നണിയിൽ തുടരും, വിജയസീറ്റും രാജ്യസഭാ ടിക്കറ്റും ആവശ്യപ്പെട്ട് നേതാക്കൾ, എൻസിപി സമവായത്തിലേക്ക്

പാലാ നൽകില്ലെങ്കിൽ പകരം വിജയസാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭ സീറ്റും വേണമെന്ന് ചർച്ചയിൽ എൻസിപി യെച്ചൂരിയോട് ആവശ്യപ്പെട്ടു

ldf ncp pala seat issues sharad pawar yechury meeting
Author
Delhi, First Published Feb 3, 2021, 1:20 PM IST

ദില്ലി: പാലാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ എൻസിപി ഉയർത്തിയ കലാപം സമവായത്തിലേക്കെന്ന് സൂചന. ഇടതുമുന്നണിയിൽ തന്നെ തുടരാൻ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി സംസ്ഥാന നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും യോഗത്തിൽ പങ്കെടുത്തു. നാല് തവണ മത്സരിച്ച് ഒടുവിൽ വിജയിച്ച പാലാ സീറ്റ് വിട്ടുനൽകണമെന്ന് സംസ്ഥാന ഘടകത്തോട് എങ്ങനെ ആവശ്യപ്പെടുമെന്ന് യെച്ചൂരിയോട് പവാർ ആരാഞ്ഞതായാണ് വിവരം.

പാലാ വിട്ടുനൽകേണ്ടെന്ന് തന്നെയാണ് യോഗത്തിൽ തീരുമാനം. പാല നൽകില്ലെങ്കിൽ പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന് ചർച്ചയിൽ എൻസിപി യെച്ചൂരിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ  തീരുമാനം ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും എൻസിപി മുന്നണി വിടുന്നത് തടഞ്ഞ് സമവായത്തിലേക്ക് എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ, മന്ത്രി എ കെ ശശീന്ദ്രൻ, മാണി സി കാപ്പൻ എന്നിവരാണ് ശരദ് പവാറിനെ കണ്ടത്. എൻസിപി മുന്നണി വിടുന്നതിനെ തടയിടാൻ സിപിഎം കേന്ദ്ര നേതൃത്വം നടത്തിയ ഇടപെടലുകള്‍ കാരണം എൻസിപി ദേശീയ നേതാക്കള്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഒപ്പം തുടര്‍ഭരണ സാധ്യതകളുണ്ടെന്ന് എ കെ ശശീന്ദ്രൻ കേന്ദ്ര നേതാക്കളെ അറിയിച്ചതും പരിഗണിച്ചാണ് മുന്നണിയിൽ തുടരാൻ ദേശീയ നേതാക്കൾ ആവശ്യപ്പെട്ടതെന്നാണ് വിവരം. പക്ഷേ സിറ്റിംഗ് സീറ്റുകള്‍ വിട്ട് കൊടുത്തിട്ട് മുന്നണിയില്‍ തുടരേണ്ടെന്ന ശരദ്പവാറിന്‍റെ നിലപാടിലാണ് മാണി കാപ്പൻ അനുകൂലികളുടെ പ്രതീക്ഷ.  അതേ സമയം എൻസിപിയെ കിട്ടിയില്ലെങ്കിലും കാപ്പനെയെങ്കിലും മുന്നണിയിലെത്തിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios