ഗവർണർക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമർശനം

​തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ഇടത് ലഘുലേഖ. ഉന്നത വിദ്യാസംരക്ഷണ സമിതിയുടെ പേരിലിറക്കിയ ലഘുലേഖ ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ചു തുടങ്ങി. ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള തിരക്കിട്ട നടപടികളിലാണ് സര്‍ക്കാർ. നിയമ നിര്‍മ്മാണം നാളെ മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. 

ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത ഗവര്‍ണറുടെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് ലഘുലേഖ. സര്‍വകലാശാലകളിൽ ആര്‍എസ്എസ് അനുചരൻമാരെ നിയമിക്കാനാണ് നീക്കം. ഫയലുകൾ ചാൻസിലറുടെ ഓഫീസിൽ കെട്ടിക്കിടക്കുന്നു. ആറ് കോടി രൂപയുടെ ചാൻസിലേഴ്സ് ട്രോഫി നഷ്ടപ്പെടുത്തി. ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ധനമന്ത്രിയെ തിരിച്ച് വിളിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമെന്നും പറയുന്ന ലഘുലേഖ ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണിയുടെ കുറ്റപത്രമാണ്. 

ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമനടപടികൾ തിരക്കിട്ട് ആലോചിക്കുകയാണ് സര്‍ക്കാര്‍. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം നിയമ നിര്‍മ്മാണം വേണമെന്നിരിക്കെ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി ഉണ്ടാകും. ഇക്കാര്യം നാളെ മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. രാജ്യത്തെ മുതിർന്ന നിയമവിദഗ്ധരുമായി സർക്കാർ കൂടിയാലോചനയിലാണ്. അതേസമയം ഗവര്‍ണറോട് ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ .

ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമർശനവുമായി ​ഗവർണർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആ​ഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ​ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. ആ കരുത്തിന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്നമില്ല എന്നത് ​ഗവർണർ മനസ്സിലാക്കുന്നതാണ് നല്ലത്. കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകുമെന്ന ഭയമൊന്നും സിപിഎമ്മിനില്ല. ഏത് വിവാദത്തിൽ വേണമെങ്കിലും ഇടപെടട്ടെ. തുറന്ന പുസ്തകം പോലെ എല്ലാം ജനങ്ങൾക്ക് മുന്നിലുണ്ട്. ജനങ്ങൾ ആ​ഗ്രഹിക്കാത്ത ഒരു നിലപാടും സിപിഎമ്മും ഇടത് മുന്നണിയും കൈകാര്യം ചെയ്യില്ല. ജനങ്ങൾക്ക് ഒപ്പമാണ്, ജനങ്ങൾക്ക് വേണ്ടിയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. 

Read More : ഗവർണറുടെ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും