തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സിഎജിക്കെതിരെയും സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെയും എൽഡിഎഫിന്റെ പ്രതിഷേധ സംഗമം ഇന്ന് നടക്കും. കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. ഇന്ന് വൈകുന്നേരം 5 മണിക്ക്‌ പഞ്ചായത്ത്‌ ,നഗരസഭാ കേന്ദ്രങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതിഷേധ കൂട്ടായ്‌മ.

അതേസമയം സി ആൻഡ് എജിയുടെ റിപ്പോർട്ട് ഇന്ന് ഗവർണറുടെ ഓഫീസിന് കൈമാറിയേക്കും. കിഫ്ബിക്കെതിരെ സി ആൻഡ് എജി റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വെളിപ്പെടുത്തിയതിനാൽ റിപ്പോർട്ടിൽ തുടർനടപടികൾ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. മൂന്ന് ദിവസം മുൻപ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്. ചട്ടപ്രകാരം മുഖ്യമന്ത്രിയാണ് ഗവർണറുടെ ഓഫീസിലേക്ക് ഫയൽ എത്തിക്കുക. 

ബാർ കോഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ അന്യേഷണത്തിന് ഗവർണറോട് അനുമതി തേടണോ എന്നതിൽ തീരുമാനവും ഇന്നുണ്ടായേക്കും. ചെന്നിത്തലയ്ക്ക് കോഴ നൽകി എന്ന് ബിജു രമേശ് ആരോപിക്കുന്ന സമയത്ത് അദ്ദേഹം കെപിസിസി അധ്യക്ഷനായിരുന്നു എന്നതിനാൽ ഗവർണറുടെ അനുമതിയില്ലാതെ തന്നെ കേസെടുക്കാനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത് എന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തമായ നിയമോപദേത്തിൻ്റെ അടിസ്ഥാനത്തിൽ നീങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. 

തനിക്കെതിരെ കോഴ ആരോപണത്തിൽ നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നുവെന്നും തെളിവില്ലാത്തതിനാൽ നടപടികൾ അവസാനിപ്പിച്ചിരുന്നുവെന്നും ഇപ്പോൾ വീണ്ടും ഇതേ വിഷയത്തിൽ കേസെടുക്കുന്നത് രാഷ്ട്രീയ വിരോധം തീർക്കാൻ വേണ്ടിയാണെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണറുടെ അനുമതി തേടുന്ന കാര്യത്തിൽ സർക്കാർ ജാഗ്രതയോടെ നീങ്ങുന്നത്.