എൽഡിഎഫിന്റെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളായിരുന്ന മഗ്നയും, മുൻപ് ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്ന രേഷ്മ മറിയം റോയിയും പരാജയപ്പെട്ടു. മുൻപ് ആര്യാ രാജേന്ദ്രനും രേഷ്മയും നേടിയ വിജയം ഇത്തവണ ആവർത്തിക്കാനായില്ല.  പരിശോധിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ ഏറ്റവും പ്രായ കുറ‍ഞ്ഞ സ്ഥാനാര്‍ത്ഥിയായിട്ടാണ് ആര്യ രാജേന്ദ്രൻ എത്തിയത്. വിജയിച്ചുവെന്ന് മാത്രമല്ല, മേയര്‍ സ്ഥാനത്തേക്കും ആര്യ എത്തി. അതുപോലെ 21-ാം വയസിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റായി മാറിയ രേഷ്മ മറിയം റോയിയേയും കേരളം മറന്നുകാണില്ല. ഇരുവരും മത്സരിച്ചതും വലിയ സ്ഥാനങ്ങൾ കൈാകര്യം ചെയ്തതും സിപിഎം ടിക്കറ്റിൽ മത്സരിച്ച് ജയിച്ചായിരുന്നു. ഇത്തവണ എൽഡിഎഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി ഇത്തവണ എത്തിയത് തിരുവനന്തപുരം നഗരസഭയിലെ അലത്തറ വാര്‍ഡിലായിരുന്നു. 23കാരിയായ മഗ്നയായിരുന്നു എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത്.

തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നില നിർത്തനാണ് 23 വയസുകാരിയായ മഗ്നയെ എൽഡിഎഫ് രംഗത്തിറക്കിയത്. അനസ്തേഷ്യ ടെക്നീഷ്യൻ അവസാന വർഷ വിദ്യാർത്ഥിനിയാണ് മഗ്ന. നഗരസഭയിൽ മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന ടാഗ് ലൈനിൽ തന്നെ എത്തിയെങ്കിലും കനത്ത പരാജയമാണ് മഗ്നയെ കാത്തിരുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നു രണ്ടു ദിവസം കൊണ്ട് തന്നെ സജീവമായെങ്കിലും നഗരസഭയിൽ ആകെയുള്ള ഭരണവിരുദ്ധ വികാരത്തിൽ മഗ്നയും പരാജയം നുണഞ്ഞു. 263 വോട്ടിനാണ് മഗ്നയുടെ പരാജയം. ബിജെപിയുടെ കെപി ബിന്ദുവാണ് 1709 വോട്ടുമായി വിജയിച്ചത്.

പ്രായം കുറവെന്ന ട്രെൻഡിന് തിരിച്ചടിയോ?

മുൻ തെരഞ്ഞെടുപ്പുകളിൽ വൻ മാര്‍ജിനിൽ വിജയത്തിലെത്തി അധികാരത്തിലെത്തിയവര്‍ക്കും തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് നൽകിയത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്തവിൽ വലിയ വികസനവും ഭരണമികവും കാട്ടിയെന്ന് അവകാശപ്പെട്ടായിരുന്നു ഇത്തവണ എൽഡിഎഫ് തിരുവനന്തപുരം നഗരസഭയിൽ തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാൽ വലിയ ഭരണ വിരുദ്ധ വികാരമാണ് നഗരസഭയിൽ പ്രകടമായത്. വെറും 29 സീറ്റിലേക്ക് കോര്‍പ്പറേഷനിൽ എൽഡിഎഫ് ഒതുങ്ങുകയായിരുന്നു. അവിടെ തന്നെ മഗ്നയും തോൽവിയറിയുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും ആഘോഷിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്നു 21കാരിയായ രേഷ്മ മറിയം റോയി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയും പക്ഷെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ രേഷ്മയെ തുണച്ചില്ല. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎമ്മിന്റെ രേഷ്മ മറിയം റോയി തോൽവിയാണ് നേരിട്ടത്. മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രേഷ്മ 1077 വോട്ടുകൾക്കാണ് തോറ്റത്. രേഷ്മ 11980 വോട്ട് നേടി. യുഡിഎഫിന്റെ അമ്പിളി ടീച്ചർ 13057 വോട്ട് നേടി ജയിച്ചപ്പോൾ ബിഡിജെഎസിന്റെ നന്ദിനി സുധീർ 3966 വോട്ട് നേടി.

21-ാം വയസ്സിലാണ് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിന്റെ പ്രസിഡന്റായത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 21 വയസ്സായിരുന്നു രേഷ്മയുടെ പ്രായം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫില്‍നിന്ന് 11-ാം വാര്‍ഡ് പിടിച്ചെടുത്ത് രേഷ്മ വിജയിക്കുകയും ചെയ്തു. യുഡിഎഫില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം പിടിച്ചെടുത്തപ്പോള്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തെ തന്നെ പ്രസിഡന്റാക്കി സിപിഎം കൈയടി നേടികയും ചെയ്തു.