Asianet News MalayalamAsianet News Malayalam

കോട്ടയത്ത് എൽഡിഎഫിൽ കടുത്ത ഭിന്നത; അര്‍ഹമായ പരി​ഗണന വേണമെന്ന് ജോസ് പക്ഷം, നിലപാട് കടുപ്പിച്ച് സിപിഐ

സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ്ജ് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു.

ldf seat sharing in kottayam kerala congress jose k mani
Author
Kottayam, First Published Nov 14, 2020, 8:56 AM IST

കോട്ടയം: കോട്ടയം ജില്ലയില്‍ ഇടത് മുന്നണി സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. കൂടുതല്‍ സീറ്റ് വേണമെന്ന ജോസ് പക്ഷത്തിന്‍റെ ആവശ്യം എല്‍ഡിഎഫില്‍ ഘടകക്ഷികള്‍ തള്ളിയതാണ് പ്രതിസന്ധിക്ക് കാരണം. സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ്ജ് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്. ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പരിഗണന വേണം. സിപിഐയും സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും സ്റ്റീഫൻ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. 

പുതുതായി മുന്നണിയിലെത്തിയ ജോസ് പക്ഷത്തിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ചാണ് കോട്ടയത്ത് ചര്‍ച്ചകള്‍ തുടരുന്നത്. മധ്യകേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം ജില്ലയില്‍ നല്ല സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണ് തലവേദന. മാരത്തണ്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഫലമൊന്നുമില്ല. 22 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തില്‍ 12 സീറ്റാണ് ജോസ് പക്ഷത്തിന്‍റെ ആവശ്യം. ഒൻപത് സീറ്റ് നല്‍കാമെന്ന് സിപിഎം. സിപിഎം 10 സീറ്റില്‍ മത്സരിക്കും. അഞ്ച് സീറ്റുകളില്‍ മത്സരിച്ചിരുന്ന സിപിഐ കേരളാ കോണ്‍ഗ്രസിന് വേണ്ടി വാകത്താനം ഡിവിഷൻ വിട്ട് കൊടുത്ത് നാലിലേക്ക് ഒതുങ്ങി. സിപിഐ ഒരു സീറ്റ് കൂടി വിട്ട് കൊടുത്താലേ ജോസ് പക്ഷത്തിന് 9 കൊടുക്കാനാകൂ. പക്ഷേ അതിന് സിപിഐ തയ്യാറല്ല. സിപിഎം സ്വന്തം അക്കൗണ്ടില്‍ നിന്ന് ഒരു സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയാല്‍ മതിയെന്നാണ് സിപിഐ വാദം.

കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ട് നല്‍കില്ലെന്നാണ് സിപിഐയുടെ നിലപാട്. അവകാശപ്പെട്ട സീറ്റ് നിഷേധിച്ചാല്‍ പാലാ നഗരസഭയിലടക്കം തനിച്ച് മത്സരിക്കുമെന്ന് സിപിഐ മുന്നറിയിപ്പ് നല്‍കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും ഈ വിഷയത്തില്‍ ചര്‍ച്ച ഉടക്കി നില്‍ക്കുകയാണ്. സിപിഐയുടെ ജില്ലാ എക്സിക്യൂട്ടീവ് കാനം രാജേന്ദ്രൻ ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും.

Follow Us:
Download App:
  • android
  • ios