സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്. സംസ്ഥാന പര്യടനം കഴിഞ്ഞ് ഇന്നുമുതൽ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരിക്കും.

തിരുവനന്തപുരം: വോട്ടെടുപ്പിന് 5 നാൾ മാത്രം ശേഷിക്കെ സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്. സംസ്ഥാന പര്യടനം കഴിഞ്ഞ് ഇന്നുമുതൽ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരിക്കും. പുതിയ ഭരണം വരട്ടെയെന്ന് ഒരു വിഭാഗം ശക്തമായി പറയുന്നത് കൂടി പരിഗണിച്ചാണ് സർക്കാരിൻ്റെ ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നി നിൽക്കാൻ എൽഡിഎഫ് നേതൃത്വം തീരുമാനിച്ചത്.

`ക്യാപ്റ്റന്‍' പിണറായി വിജയൻ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സിപിഎം അണികള്‍ക്കും നേതാക്കള്‍ക്കും ക്യാപ്റ്റനായിരുന്നു. ഇന്നും പിണറായി ക്യാപ്റ്റന്‍ സ്ഥാനത്താണെങ്കിലും ആരും പരസ്യമായി വിളിച്ചിരുന്നില്ല. പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുമ്പോൾ പ്രമുഖ നേതാക്കള്‍ വീണ്ടും അദ്ദേഹത്തെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചു തുടങ്ങി.

കമ്മ്യൂണിസ്റ്റുകള്‍ക്ക് സഖാവ് എന്ന ഒറ്റ വിളിപ്പേരേയുള്ളു. കാലം അവര്‍ക്ക് പല വിശേഷണങ്ങളും കല്‍പിച്ച് നല്‍കും. എകെജിയെ പാവങ്ങളുടെ പടത്തലവനെന്ന് വിളിച്ചു. ഇഎംഎസിനെ സൈദ്ധാന്തികനെന്ന് വിളിച്ചു. വിഎസിനെ കണ്ണേ കരളേയെന്ന് വിളിച്ചു, അങ്ങനെയങ്ങനെ ഒരുപാട് വിശേഷണങ്ങല്‍ ചരിത്രത്തിലുണ്ടായി. പിണറായിയുടെ കാര്‍ക്കശ്യവും സംഘടനാ കരുത്തും അദ്ദേഹത്തിന് ചാര്‍ത്തിനല്‍കിയ വിളിപ്പേരാണ് ക്യാപ്റ്റന്‍. 2021ല്‍ തെരഞ്ഞെടുപ്പ് രംഗത്ത് ക്യാപ്റ്റന്‍ തരംഗമായപ്പോള്‍ ചരിത്രത്തിലാദ്യമായി തുടര്‍ഭരണമുണ്ടായി. ക്യാപ്റ്റന്‍ വിളിയെ പലരും വിമര്‍ശിച്ചു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പക്ഷേ സ്നേഹബുദ്ധ്യാ അതിനെ ന്യായീകരിക്കുകയായിരുന്നു.

അന്ന് സിപിഐ സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍റെ വാക്കുകളില്‍ കൃത്യമായൊരു അനിഷ്ടമുണ്ടായിരുന്നു. മൂന്നാം സര്‍ക്കാരിനായി പിണറായി വോട്ട് ചോദിക്കുമ്പോള്‍ എല്‍ഡിഎഫിന്‍റെ ഒരെയൊരു നേതാവ് പിണറായി മാത്രമാണെങ്കിലും ക്യാപ്റ്റന്‍ വിളി സജീവമല്ല. സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കി പിണറായി കണ്ണൂരിലെത്തി, ഇന്നലെ മുന്‍മന്ത്രി കെ രാധാകൃഷ്ണന്‍റെ പോസ്റ്റും പേരാവൂര്‍ സ്ഥാനാര്‍ഥി കെകെ ഷൈലജയുടെ പോസ്റ്റും പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ തവണത്തെ ക്യാപ്റ്റന്‍ വിളിയും ഇത്തവണ വിളിക്കാതിരിക്കുന്നതും ചര്‍ച്ചയാകുന്നതിനിടെയാണ് മുതിര്‍ന്ന നേതാക്കളുടെ ഓര്‍മപ്പെടുത്തല്‍.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming