Asianet News MalayalamAsianet News Malayalam

സിപിഐയുടെ പ്രതിഷേധം തുടരുന്നതിനിടെ കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കും പാലാ മുൻസിപ്പാലിറ്റിയിലേക്കും തങ്ങൾ മത്സരിച്ചു പോന്ന സീറ്റുകൾ ഇനി വിട്ടു കൊടുക്കില്ലെന്ന കർശന നിലപാടിലാണ് സിപിഐ. 

LDF to declare seat sharing in kottayam
Author
Kottayam, First Published Nov 15, 2020, 10:35 AM IST

കോട്ടയം: കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട്. സീറ്റ് വിഭജനത്തെ ചൊല്ലി മുന്നണിയിൽ തർക്കം രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് നടത്തുമെന്ന് അറിയിച്ചത്. ‌

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കും പാലാ മുൻസിപ്പാലിറ്റിയിലേക്കും തങ്ങൾ മത്സരിച്ചു പോന്ന സീറ്റുകൾ ഇനി വിട്ടു കൊടുക്കില്ലെന്ന കർശന നിലപാടിലാണ് സിപിഐ. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കടുത്ത നിലപാട് എടുക്കുമെന്നാണ് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചിട്ടുള്ളത്. പ്രശ്നം രൂക്ഷമായി തുടരുന്നതിനിടെ നിർണ്ണായക എൽഡിഎഫ് യോഗം ഉച്ചയ്ക്ക് ശേഷം മൂന്നിന് ചേരുന്നുണ്ട്. 

സീറ്റ് വിഭജനത്തിൽ കോട്ടയത്തെ എൽഡിഎഫിൽ ഭിന്നതയുണ്ടെന്ന് കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗം തുറന്നടിച്ചിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ്ജ് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. 

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്. ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പരിഗണന വേണം. സിപിഐയും സിപിഎമ്മും വിട്ട് വീഴ്ചയ്ക്ക് തയ്യാറാകണമെന്നും സ്റ്റീഫൻ ജോര്‍ജ്ജ് പറഞ്ഞു. വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ് അതേ നയം അവരും സ്വീകരിക്കണം. സിപിഐയും സിപിഎമ്മും സീറ്റുകൾ വിട്ടു തരാൻ തയ്യാറാവണമെന്നും സ്റ്റീഫൻ ജോ‍ർജ് പറഞ്ഞു. 

എന്നാൽ ജോസ് വിഭാ​ഗത്തിന് സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും അറ്റകൈക്ക് പാലാ ന​ഗരസഭയിൽ തനിച്ചു മത്സരിക്കുമെന്നുമാണ് സിപിഐയുടെ മുന്നറിയിപ്പ്. വിഷയം ച‍ർച്ച ചെയ്യാൻ പാർട്ടിയുടെ നിർണായക ജില്ലാ എക്സിക്യുട്ടീവ് യോഗം ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. ഈ യോ​ഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കുന്നുണ്ട്. 

കോട്ടയം ജില്ലാ പഞ്ചായത്തിനേയും പാലാ ​ന​ഗരസഭയേയും ചൊല്ലിയാണ് സിപിഐയും കേരള കോൺ​ഗ്രസും തമ്മിൽ പ്രധാനമായും ത‍ർക്കം നിലനിൽക്കുന്നത്. ജില്ലാ പഞ്ചായത്തിൽ അഞ്ച് സീറ്റിൽ മത്സരിച്ചു വന്ന സിപിഐ ഒരു സീറ്റ് കേരള കോൺ​ഗ്രസിന് വിട്ടു കൊടുത്തെങ്കിലും ഒരു സീറ്റ് കൂടി കൊടുക്കണം എന്നാണ് സിപിഎമ്മിൻ്റെ നി‍ർദേശം എന്നാൽ ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ നിലപാട്. 

പാലായിൽ ഏഴ് സീറ്റുകളിൽ മത്സരിച്ച സിപിഐ അത്ര തന്നെ സീറ്റുകളാണ് ഇക്കുറിയും ആവശ്യപ്പെട്ടത്. എന്നാൽ കേരള കോൺ​ഗ്രസ് 13 സീറ്റുകൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ വീട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. എന്നാൽ ഒരു തരത്തിലുള്ള ഒത്തുതീ‍ർപ്പിനും ഇവിടെ സിപിഐ തയ്യാറായിട്ടില്ല. സിപിഎം എന്തെങ്കിലും വാ​ഗ്ദാനം കൊടുത്തെങ്കിൽ അതു അവരുടെ ഉത്തരവാദിത്തതിൽ തന്നെ നടപ്പാക്കണമെന്നും തങ്ങൾ നഷ്ടം സഹിക്കില്ലെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി തന്നെ പറയുന്നത്.

പ്രധാനമായും മുന്നണിയിലെ രണ്ടാമനാര് എന്നതിനെ ചൊല്ലിയാണ് സിപിഐ കേരള കോൺ​ഗ്രസിനെ എതിർക്കുന്നത്. കോട്ടയം ജില്ലയിൽ തങ്ങളാണ് ശക്തരെന്നും അതിനാൽ കോട്ടയത്തെ മുന്നണിയിൽ തങ്ങളാണ് രണ്ടാമതെന്നും കേരള കോൺ​ഗ്രസ് വാദിക്കുന്നു. സിപിഐയെ കൂടാതെ ജോസ് വിഭാ​ഗത്തിൻ്റെ വരവോടെ എൻസിപിയും കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ തവണ പാലാ മുൻസിപ്പാലിറ്റിയിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ച എൻസിപിക്ക് രണ്ടിടത്തും ഇക്കുറി എൽഡിഎഫ് സീറ്റ് നിഷേധിച്ചു.

Follow Us:
Download App:
  • android
  • ios