കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ ഭരണം തിരിച്ചുപിടിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ ഫലം കാണുമോയെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. ഡെപ്യൂട്ടി മേയ‌ര്‍ക്കെതിരെ ഇടത് മുന്നണി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൽ വോട്ടെടുപ്പ് പ്രഖ്യാപിച്ചു. അടുത്ത മാസം രണ്ടാം തിയതിയാകും വോട്ടെടുപ്പ് നടക്കുക. കളക്ടറുടെ നേതൃത്വത്തിലാകും വോട്ടെടുപ്പ് നടപടികൾ.

നടപടികളിൽ കോർപ്പറേഷൻ അംഗങ്ങൾക്ക് നോട്ടീസ് നൽകിത്തുടങ്ങി. നേരത്തെ, മേയർക്കെതിരായ അവിശ്വാസ പ്രമേയം യുഡിഎഫ് വിജയിച്ച സാഹചര്യത്തിൽ മേയർ തെരഞ്ഞെടുപ്പ് സെപ്തംബർ നാലിന് നടക്കും. സുമാബാലകൃഷ്ണനാണ് യുഡിഎഫ് മേയർ സ്ഥാനാർത്ഥി. അതേസമയം ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം വിജയിപ്പിച്ചാല്‍ മാത്രമേ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് എന്തെങ്കിലും സാധ്യത ബാക്കിയുള്ളു. എന്നാല്‍ നിലവില്‍ അതിനുള്ള അംഗബലം ഇടത് മുന്നണിക്കില്ല. യുഡിഎഫ് പാളയത്തിൽ നിന്നും പി കെ രാഗേഷിനെതിരെ വോട്ടുകൾ ലഭിച്ചേക്കുമെന്നത് മാത്രമാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.

ഈ മാസം 19ാം തിയതിയാണ് ഡെപ്യൂട്ടി മേയറായ പി കെ രാഗേഷിനെതിരെ അവിശ്വാസപ്രമേയത്തിന് എൽഡിഎഫ് നോട്ടീസ് നൽകിയത്. മേയർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതിനെത്തുടർന്ന് എൽഡിഎഫിന് കണ്ണൂർ കോർപ്പറേഷന്‍റെ ഭരണം നഷ്ടമായിരുന്നു. എൽഡിഎഫിനൊപ്പം നിന്ന കോൺഗ്രസ് വിമതൻ പി കെ രാഗേഷിന്‍റെ ബലത്തിലായിരുന്നു മുന്നണി കണ്ണൂർ കോർപ്പറേഷൻ ഭരിച്ചിരുന്നത്. പി കെ രാഗേഷ് വീണ്ടും കളംമാറിച്ചവിട്ടി യുഡിഎഫിനൊപ്പം തന്നെ പോയതോടെയാണ് എൽഡിഎഫ് ഭരണം വീണത്.

നഗരസഭാ ഭരണം എൽഡിഎഫിന്‍റെ പക്കൽ നിന്ന് പോയെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനത്ത് പി കെ രാഗേഷ് തന്നെ തുടരുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് എൽഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. മേയർക്ക് സ്ഥാനം നഷ്ടമായെങ്കിൽ സ്വാഭാവികമായും പി കെ രാഗേഷിനും അധികാരം നഷ്ടമാകുമെന്ന് എൽഡിഎഫ് വാദിച്ചിരുന്നു. ഭരണം മാറാൻ ഒരു വർഷം മാത്രം ശേഷിക്കേയായിരുന്നു മേയർ ഇ പി ലതയ്ക്ക് എതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസപ്രമേയത്തിനെ അനുകൂലിച്ച് 28 പേർ വോട്ട് ചെയ്തപ്പോൾ എതിർത്തത് 26 പേർ മാത്രമായിരുന്നു. നേരിയ ഭൂരിപക്ഷത്തിലാണ് അന്ന് അവിശ്വാസപ്രമേയം പാസ്സായത്.

കണ്ണൂർ കോർപ്പറേഷനിൽ 27 വീതമായിരുന്നു ഇരുമുന്നണികൾക്കും ഉണ്ടായിരുന്ന അംഗബലം. ഒരു അംഗം ഈയിടെ മരിച്ചു. ഇതോടെ ഇടതിന്‍റെ പിന്തുണ അംഗബലം 26 ആയി കുറഞ്ഞു. ഈ തക്കം നോക്കിയാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഇത് തന്നെ കൗൺസിൽ യോഗത്തിൽ വലിയ വിവാദമായിരുന്നു. കെ സുധാകരനോട് ഇടഞ്ഞ പി കെ രാഗേഷ് ആദ്യം കളം മാറ്റിച്ചവിട്ടിയതോടെയാണ്, കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് കിട്ടിയത്. പ്രത്യുപകാരമായി ഡെപ്യൂട്ടി മേയർ പദവി പി കെ രാഗേഷിന് സിപിഎം നൽകി. എന്നാല്‍ കണ്ണൂരിലെ രാഷ്ട്രീയ മാറ്റം രാഗേഷിനെ യുഡിഎഫ് മുന്നണിയിൽ തിരിച്ചെത്തിക്കുകയായിരുന്നു.