കണ്ണൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 13 ജില്ലകളിലും എൽഡിഎഫ് മുന്നിലെത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുകൂല തരംഗം കേരളത്തിലുണ്ടാവുമെന്നും സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണെന്നും കോടിയേരി പറഞ്ഞു. കോടിയേരി ബേസിക്ക് സ്കൂളിൽ ഭാര്യയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

കോടിയേരിയുടെ വാക്കുകൾ - 

2015-ലെ തെരഞ്ഞെടുപ്പിൽ 7 ജില്ലകളിലാണ് എൽഡിഎഫ് മുന്നിലെത്തിയത്. ഇക്കുറി കേരളത്തിൽ ഉടനീളം ഇടതുജനാധിപത്യമുന്നണി മുന്നേറും. 600 രൂപയുണ്ടായിരുന്ന പെൻഷൻ 1400 ആക്കിയ സർക്കാരിനല്ലാതെ അതു വീണ്ടും 600 ആക്കണമെന്ന് പറയുന്നവർക്ക് ജനം വോട്ടു ചെയ്യുമോ?

ഭക്ഷണം, വീട്, ആരോഗ്യസംരക്ഷണം എന്നിവയെല്ലാമാണ് ജനങ്ങളുടെ അടിസ്ഥാന ആവശ്യം. അതുറപ്പാക്കിയ സർക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. ജമാ അത്താ ഇസ്ലാമിയുമായി സഹകരിക്കുന്ന കോണ്ഗ്രസ് നയം കോണ്ഗ്രസ് കമ്മിറ്റിക്ക് പോലും അംഗീകരിക്കാനായിട്ടില്ല. 

സ്വർണക്കടത്ത് കേസിനെക്കുറിച്ച് ബോധപൂർവ്വം നടത്തിയ വ്യാജപ്രചാരണങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ല. ഇതൊക്കെ കള്ളത്തരമാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.