പത്തനംതിട്ട: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കമണ്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇടത് സ്വതന്ത്രനായി മത്സരിച്ച മാത്യൂസ് എബ്രഹാം 38 വോട്ടുകള്‍ക്കാണ് നെല്ലിക്കമണ്‍ വാര്‍ഡില്‍ നിന്നും ജയിച്ചത്. ശബരിമല യുവതീപ്രവേശനത്തിനെതിരെ ശക്തമായ സമരം നടന്ന മേഖലയായിരുന്നിട്ടും മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപിക്ക് ആകെ 9 വോട്ടുകളാണ് ഈ വാര്‍ഡില്‍ കിട്ടിയത്. 

കോണ്‍ഗ്രസ് സ്ഥിരമായി ജയിച്ചു പോന്നിരുന്ന ഈ വാര്‍ഡില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ അഭ്യന്തരപ്രശ്നങ്ങളാണ് സീറ്റ് ഇടതുപക്ഷത്തിന് കിട്ടുന്ന അവസ്ഥ സൃഷ്ടിച്ചത്. റാന്നി അങ്ങാടി പഞ്ചായത്ത് അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ബാബു പുല്ലാട്ട് രാജിവച്ചതോടെയാണ് ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ആദ്യത്തെ മൂന്ന് വര്‍ഷം ബാബു പുല്ലാട്ടും അവശേഷിച്ച കാലം കോണ്‍ഗ്രസിലെ ബി.സുരേഷും അധ്യക്ഷസ്ഥാനം വഹിക്കണം എന്നായിരുന്നു 2015-ലെ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതൃത്വമുണ്ടാക്കിയ ധാരണ. എന്നാല്‍ രാജിവയ്ക്കേണ്ട സമയം വന്നപ്പോഴേക്കും ബാബു പുല്ലാട്ട് പാര്‍ട്ടിയുമായി ഉടക്കുകയും സുരേഷിന് അധ്യക്ഷസ്ഥാനം വിട്ടു നല്‍കാന്‍ വിസമ്മതം അറിയിക്കുകയും ചെയ്തു. 

അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി നിരന്തരം ആവശ്യപ്പെട്ടതോടെ ബാബു പുല്ലാട്ട് അധ്യക്ഷ സ്ഥാനവും അതോടൊപ്പം പഞ്ചായത്ത് അംഗത്വവും കൂടി രാജിവച്ചു. ഇതോടെയാണ് ഈ വാര്‍ഡില്‍ ഉപതെര‍ഞ്ഞെടുപ്പ് വന്നതും ഇടത് സ്വതന്ത്രന് കോണ്‍ഗ്രസ് വാര്‍ഡില്‍ വിജയിക്കാന്‍ വഴിയൊരുങ്ങിയതും.