"കുഞ്ഞിനെ ഉറക്കിക്കിടത്തി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ കയറി ആശുപത്രിയിലെത്തി രണ്ട് നിലയുടെ മുകളിലേക്ക് നടന്നു കയറിയ ആളിനാണ് മരുന്ന് കുത്തിവച്ചത്. ഏത് മരുന്നാണ് നല്‍കിയതെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചോദിച്ചിട്ടു പോലും പറഞ്ഞില്ലെന്ന്" വി.ഡി സതീശൻ.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത കൃഷ്ണ തങ്കപ്പന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സാപ്പിഴവ് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ആരോഗ്യവകുപ്പ് അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 

"മരണം ഉണ്ടായതിന് ശേഷം നെയ്യാറ്റിന്‍കര ആശുപത്രിയിലെ രേഖകള്‍ വരെ തിരുത്തി. 15-ാം തീയതി 2:41 നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അന്ന് 3:41നും 3:39നും ഇ.സി.ജി എടുത്തെന്ന വ്യാജരേഖയാണ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി ഉണ്ടാക്കിയിരിക്കുന്നത്. ആരെ രക്ഷിക്കാനാണ് വ്യാജ രേഖയുണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കുറിപ്പടിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്നുകള്‍ നല്‍കിയിട്ടില്ലെന്നതിനും വ്യാജ രേഖയുണ്ടാക്കി. ചികിത്സാ പിഴവും കുറ്റകരമായ അനാസ്ഥയും ഉള്ളതുകൊണ്ടാണ് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതെന്ന്" വി.ഡി സതീശൻ പറഞ്ഞു.

"കുഞ്ഞിനെ ഉറക്കിക്കിടത്തി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ കയറി ആശുപത്രിയിലെത്തി രണ്ട് നിലയുടെ മുകളിലേക്ക് നടന്നു കയറിയ ആളിനാണ് മരുന്ന് കുത്തിവച്ചത്. ഏത് മരുന്നാണ് നല്‍കിയതെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചോദിച്ചിട്ടു പോലും പറഞ്ഞില്ല. തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അഞ്ച് സെന്റില്‍ താമസിക്കുന്ന പാവപ്പെട്ട കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ പ്രതിപക്ഷം ഒപ്പമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും" വി.ഡി സതീശൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം