സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുകയെന്ന ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി സതീശൻ
തിരുവനന്തപുരം: പൂച്ച പെറ്റു കിടക്കുന്നതിന് ഇപ്പോൾ ഏറ്റവും നല്ല സ്ഥലം സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസം. "എന്റെ വീട്ടിൽ ധാരാളം പൂച്ചകളുണ്ട്. അത് പ്രസവിക്കാൻ സമയമാകുമ്പോൾ അവസാന രണ്ട് ദിവസം ഓടിയോടി നടക്കും. എന്നിട്ട് ആളൊഴിഞ്ഞ, ഒന്നുമില്ലാത്ത ഒരിടം നോക്കി പ്രസവിക്കാൻ തെരഞ്ഞെടുക്കും. കേരളത്തിലെ പൂച്ചകൾക്ക് പ്രസവിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം ഒന്നുമില്ലാത്ത, കാലിയായ സംസ്ഥാന ഖജനാവാണ്" എന്നായിരുന്നു സതീശന്റെ പരിഹാസം.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുകയെന്ന ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"കേരളത്തിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്ന് കേട്ടതിൽ യു.ഡി.എഫിന് മാത്രം ഒരത്ഭുതവും തോന്നിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. ഈ സ്ഥിതിവിശേഷം വളരെ നേരഞ്ഞെതന്നെ യു.ഡി.എഫ് മുൻകൂട്ടിക്കണ്ടതാണ്. സാമ്പത്തിക നയം തിരുത്തണമെന്ന് യുഡി എഫ് ആവശ്യപ്പെട്ടിരുന്നു, പക്ഷെ സർക്കാർ അത് ചെവിക്കൊണ്ടില്ല. ശമ്പള വിഷയത്തിൽ ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. കേന്ദ്ര സർക്കാരിൽ നിന്നും 4200 കോടി കിട്ടിയിട്ടും സംസ്ഥാനത്ത് ശമ്പളം മുടങ്ങി. ഓവർ ഡ്രാഫ്റ്റും റിസർവ് ബാങ്ക് മുൻകൂറും ക്രമീകരിച്ചപ്പോൾ 4000 കോടി തീർന്നു. 200 കോടി കയ്യിൽ വച്ച് 4500 കോടി വിതരണം ചെയ്യാനുള്ള മാജിക്ക് സർക്കാരിന്റെ പക്കലില്ല. അതുകൊണ്ട് തന്നെ അലാവുദീന്റെ അത്ഭുതവിളക്ക് പോലെ പിണറായി സർക്കാർ വിനിയോഗിക്കുന്ന അവസാനത്തെ അടവാണ് 'സോഫ്റ്റ്‍വെയർ ഉഡായിപ്പ്'. ഇത് സാങ്കേതിക പ്രശ്നമല്ല; ഭൂലോക തട്ടിപ്പാണെന്നും" പ്രതിപക്ഷ നേതാവ് പറഞ്ഞു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ ബിനു, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ട്രഷറർ കെ.എം അനിൽകുമാർ, സുധീർ എ, ഗോവിന്ദ് ജി.ആർ,റീജ എൻ, പ്രസീന എൻ, നൗഷാദ് ബദറുദ്ദീൻ, പ്രമോദ് സി.ടി, ജലജ, റെയ്സ്റ്റൺ പ്രകാശ് സി.സി, ജി രാമചന്ദ്രൻനായർ, പാത്തുമ്മ വി.എം, സജീവ് പരിശവിള, ആർ രാമചന്ദ്രൻ നായർ, രാജേഷ് എം ജി, സുനിത എസ് ജോർജ്, പ്രതിഭ അനിൽ തുടങ്ങിയവർ സംസാരിച്ചു.
