തന്നെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി പിൻതാങ്ങിയ ആളാണ് അവസാന നിമിഷം വരെ കൂടെ നിന്ന് രാഷ്ട്രീയ ചതിചെയ്തതെന്ന് യുഡിഎഫ് പ്രിസഡന്‍റ് സ്ഥാനാർഥി പി.ഐ ഷാനവാസ് പറഞ്ഞു.
പാലക്കാട്: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ലീഗ് സ്വതന്ത്രൻ കാലുമാറിയതോടെ പ്രസിഡണ്ടന്‍റ് സ്ഥാനവും പഞ്ചായത്ത് ഭരണവും നഷ്ടപ്പെട്ടതിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത ജാഫർ മാഷുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് വരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. ജാഫർ മാഷുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കൂടെ നിന്ന് കാലുമാറി രാഷ്ട്രീയ വഞ്ചനയാണ് ജാഫർ മാഷ് നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
ജാഫർ മാഷിന്‍റെ രാജ് ആവശ്യപ്പെട്ടുകൊണ്ട് വസതിയിലേക്ക് കോൺഗ്രസ് പ്രതിഷേധ പ്രകടനവും നടത്തി. ജാഫർ മാഷ് രാജിവയ്ക്കുന്നതുവരെ സമരം ചെയ്യുമെന്നും ഇതൊരു സൂചന സമരം ആണെന്നും കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡണ്ട് എ.എ മുസ്തഫ പറഞ്ഞു. നടന്നത് രാഷ്ട്രീയ ചതിയെന്ന് യുഡിഎഫ് പ്രസിഡണ്ട് സ്ഥാനാർഥി പി.ഐ ഷാനവാസ് പറഞ്ഞു. തന്നെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി പിൻതാങ്ങിയ ആളാണ് അവസാന നിമിഷം വരെ കൂടെ നിന്ന് രാഷ്ട്രീയ ചതിചെയ്തത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന സമീപനമാണ് ഉണ്ടായത് മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി ജാഫർ മാഷിൽ നിന്നും ഉണ്ടായതെന്ന് പി ഐ ഷാനവാസ് പറഞ്ഞു. മുസ്ലിം ലീഗ് ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു
എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് ഏഴ് വീതം അംഗങ്ങളുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ലീഗ് സ്വതന്ത്രൻ കാലുമാറിയതോടെ എൽഡിഎഫിലെ കെ വി നഫീസയാണ് പ്രസിഡണ്ടായത്. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ലീഗ് സ്വതന്ത്രൻ ജാഫർ മാഷ് വോട്ട്മാറ്റികുത്തിയതോടെയാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിനും എൽഡിഎഫിനും ഏഴ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. തളി ഡിവിഷനിൽ നിന്ന് മത്സരിച്ച ജാഫർ മാഷാണ് എൽഎഫിന് വോട്ട് ചെയ്തത്.


