Asianet News MalayalamAsianet News Malayalam

കാസർകോട് നഗരസഭയിൽ തുടർഭരണത്തിന് ലീഗ്; ബിജെപിയുടെ കണ്ണ് സമുദായ വോട്ടുകളിൽ, സംപൂജ്യരാവാതിരിക്കാൻ സിപിഎം

വിമതശല്യം ഒരു വിധം പരിഹരിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങിയ ലീഗ് ഇപ്പോൾ ഖമറുച്ചയെ എങ്ങനെ പ്രതിരോധിക്കാം എന്ന് തലപുകയ്ക്കുകയാണ്. പ്രമുഖ നേതാക്കളെയിറക്കി അനുകൂല സാഹചര്യം മുതലാക്കാനാകുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.

league set to continue winning streak in Kasaragod bjp and cpm to raise kamaruddin issue
Author
Kasaragod, First Published Oct 5, 2020, 7:58 AM IST

കാസർകോട്: വിമതശല്യവും എംഎൽഎ കമറുദ്ദീനെതിരായ വഞ്ചന കേസുകളും മറികടന്ന് കാസർകോട് നഗരസഭയിൽ തുടർഭരണം ഉറപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് മുസ്ലീംലീഗ്. മുഖ്യ പ്രതിപക്ഷമായ ബിജെപി കണ്ണുവയ്ക്കുന്നത് ലീഗ് വോട്ടുകളിലെ വിള്ളലിലാണ്. നഗരസഭയിൽ ഒരംഗം മാത്രമുള്ള സിപിഎം വഞ്ചനാകേസ് ആയുധമാക്കി ലീഗിനെതിരെ രാഷ്ട്രീയ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

മത്സരിക്കുന്നത് യുഡിഎഫ് എന്ന പേരിലാണെങ്കിലും തുടർച്ചയായി ലീഗ് ഒറ്റയ്ക്ക് ഭരിക്കുന്ന ചുരുക്കം നഗരസഭകളിൽ ഒന്നാണ് കാസർകോട്. ആകെയുള്ള 38 സീറ്റിൽ 20സീറ്റ് നേടിയാണ് കഴിഞ്ഞ തവണ ലീഗ് അധികാരം നിലനിർത്തിയത്. കമറുദ്ദീൻ വിഷയത്തിൽ പാർട്ടിക്കകത്തും, പൊതുജനങ്ങൾക്കിടയിലും അമർഷമുണ്ടെങ്കിലും പ്രാദേശിക തലത്തിൽ പ്രതിഫലിക്കാൻ ഇടയില്ലെന്നാണ് ലീഗിന്‍റെ വിലയിരുത്തൽ. തുടർച്ചയായി തെരഞ്ഞെടുപ്പ് സമയത്ത് തലപൊന്തുന്ന വിമതരാണ് മറ്റൊരു പ്രശ്നം,. കഴിഞ്ഞ തവണ വിമതനായി ജയിച്ച ആളെ തിരിച്ചെത്തിച്ച് പിണങ്ങി നിൽക്കുന്നവരെ ഒപ്പം കൂട്ടാനുള്ള ശ്രമം നേതൃത്വം തുടങ്ങികഴിഞ്ഞു.

13 അംഗങ്ങൾ ഉള്ള ബിജെപിക്ക് നഗരസഭയിൽ താമര വിരിയിക്കണമെങ്കിൽ ഏറെ വിയർക്കേണ്ടിവരും. ന്യൂനപക്ഷ സമുദായ വോട്ടുകൾ സിപിഎമ്മിലും ലീഗിലുമായി വിഭജിക്കുകയും ഭൂരിപക്ഷ സമുദായം ഒറ്റക്കെട്ടായി തങ്ങൾക്കൊപ്പം ചേരുമെന്നും ബിജെപി അവകാശപ്പെടുന്നു.

20 വർഷം മുമ്പ് ഐഎൻഎല്ലിന്‍റെയും , സ്വതന്ത്രരുടെയും പിന്തുണയോടെ നഗരസഭ ഭരിച്ചിരുന്ന സിപിഎമ്മിന് ഇന്ന് ആകെയുള്ളത് ഒറ്റ അംഗം. ലീഗ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ ഒരു സ്ഥാനാർത്ഥിയെ നിർത്താൻ പോലും ആകാത്ത അത്രയും ദയനീയമാണ് സിപിഎമ്മിന്‍റെ അവസ്ഥ. എന്നാൽ കൂടുതൽ സ്വതന്ത്രൻമാരെ പിന്തുണച്ചും , കമറുദ്ദീൻ വിഷയം ഉയർത്തിയും ലീഗ് വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്താനാകുമെന്നാണ് പ്രതീക്ഷ.

വിമതശല്യം ഒരു വിധം പരിഹരിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങിയ ലീഗ് ഇപ്പോൾ ഖമറുച്ചയെ എങ്ങനെ പ്രതിരോധിക്കാം എന്ന് തലപുകയ്ക്കുകയാണ്. പ്രമുഖ നേതാക്കളെയിറക്കി അനുകൂല സാഹചര്യം മുതലാക്കാനാകുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.

Follow Us:
Download App:
  • android
  • ios