പി വി അൻവർ വിഷയത്തിൽ വി ഡി സതീശന്‍റെ പ്രസ്താവനയെക്കുറിച്ച് ഉടൻ പ്രതികരിക്കേണ്ട എന്ന നിലപാടിൽ ലീഗ് നേതൃത്വം. വ്യാഴാഴ്ച പ്രവർത്തകസമിതി യോഗത്തിന് ശേഷം ലീഗ് ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കും.
മലപ്പുറം: പി വി അൻവർ വിഷയത്തിൽ വി ഡി സതീശന്‍റെ പ്രസ്താവനയെക്കുറിച്ച് ഉടൻ പ്രതികരിക്കേണ്ട എന്ന നിലപാടിൽ ലീഗ് നേതൃത്വം. വ്യാഴാഴ്ച പ്രവർത്തകസമിതി യോഗത്തിന് ശേഷം ആയിരിക്കും ലീഗ് ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കുക. അതേസമയം, ഇന്ന് മലപ്പുറത്ത് മാധ്യമങ്ങളെ കാണുന്ന ജമാഅത്തെ ഇസ്ലാമി നേതൃത്വം അൻവർ വിഷയത്തിൽ നിലപാട് പറഞ്ഞേക്കും.
അതേസമയം, പി വി അൻവറിന് വാതിൽ തുറക്കേണ്ട എന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാടിന് കോൺഗ്രസിൽ പിന്തുണയേറുകയാണ്. അൻവറില്ലാതെ നിലമ്പൂരിൽ നേടിയ ജയം രാഷ്ട്രീയനേട്ടമെന്നാണ് വിലയിരുത്തൽ. അൻവറിന് വേണ്ടി വാദിച്ചവരുടെ പിന്തുണയും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിഷയം മറ്റന്നാൾ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും ചർച്ചയാകും. അൻവറിന്‍റെ യുഡിഎഫ് പ്രവേശന സാധ്യത സതീശൻ അടച്ചത് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ്.
‘അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണ്. ആ വാതിൽ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാൻ പറ്റില്ല. പ്രശംസകളിൽ വീഴില്ല. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണ്.’ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയതിങ്ങനെയാണ്.


