ദേശീയ തലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പിഎ ലൈസന്‍സ് കെഫോണ്‍ കരസ്ഥമാക്കി. രാജ്യത്തെവിടെയും ഇന്‍റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും. 

തിരുവനന്തപുരം: ദേശീയ തലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പിഎ (ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ - കാറ്റഗറി എ) ലൈസന്‍സ് കരസ്ഥമാക്കി കെഫോണ്‍. ഇതോടെ കേരളത്തിന്‍റെ സ്വന്തം നെറ്റ്‍വര്‍ക്കായ കെഫോണിലൂടെ രാജ്യത്തെവിടെയും ഇന്‍റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും. ദില്ലിയിൽ നടന്ന ചടന്ന ചടങ്ങില്‍ ഡിഒടി എഎസ് ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി ദിലീപ് സിങ്ങ് സങ്ഗാര്‍ കെ ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബുവിന് സര്‍ട്ടിഫിക്കറ്റ് കൈമാറി.

കെഫോണ്‍ സിടിഒ മുരളി കിഷോര്‍, സിഎസ്ഒ ബില്‍സ്റ്റിന്‍ ഡി ജിയോ, സിഎഫ്ഒ പ്രേം കുമാര്‍ ജി, മാനേജര്‍ സൂരജ് എ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലുടനീളം സജ്ജീകരിച്ചിരിക്കുന്ന നെറ്റ്‍വര്‍ക്ക് സംവിധാനത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നെറ്റ്‍വർക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി സഹകരിച്ചും കെഫോണ്‍ രാജ്യവ്യാപകമായി ഇന്‍റര്‍നെറ്റ് സേവനം നല്‍കും.

ഐഎസ്പി - എ ലൈസന്‍സ് നേട്ടം കെഫോണിന്‍റെ ജൈത്രയാത്രയിലെ ഒരു നാഴികക്കല്ലാണെന്നും കൂടുതല്‍ മികച്ച രീതിയില്‍ സേവനം നല്‍കാന്‍ ഈ നേട്ടം ഊര്‍ജ്ജം പകരുമെന്നും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു.