തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ സ്‌പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവർണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.

കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് സർക്കാർ കഴിഞ്ഞ ദിവസം സ്പീക്ക‍ർക്ക് കത്ത് നൽകിയിരുന്നു. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവ‍ർ കോഴ വാങ്ങിയെന്നാണ് ബാറുമട ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. ബിജു രമേശിന്‍റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അതിന്‍റെ തുടർച്ചയായാണ് സ്പീക്കറുടെയും അനുമതി തേടിയത്. എംഎൽഎമാർക്കെതിരായ അന്വേഷണം എന്ന നിലക്കാണ് സ്പീക്കരുടെ അനുമതി തേടിയത്. 

അതേസമയം കോഴ ആരോപണം ഉന്നയിച്ച ബിജുരമേശിനെതിരെ ബാറുടമകളുടെ സംഘടനയാ സംസ്ഥാന പ്രസി‍ഡന്‍റ് രംഗത്ത് വന്നത് വിജിലൻസിന് തിരിച്ചടിയാകും. പണം കൈമാറിയില്ലെന്നായിരുന്നു വി സുനിൽകുമാറിന്‍റെ വാദം. മാണിക്കും ബാബുവിനുമെതിരായ കോഴ ആരോപണങ്ങൾ വിജിലൻസിന് തെളിയിക്കാൻ കഴിയാതിരുന്നതും ബാറുമടകൾ മൊഴി നൽകാത്തുകൊണ്ടാണ്. 2011 മുതൽ 2014 ബാറുടമകളിൽ നിന്നും 27 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലൻസിന് ഈ പണം എവിടേക്ക് പോയെന്ന് കണ്ടെത്താനായില്ല.