കൊച്ചി: സർക്കാറിനെതിരായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ രൂപീകരിച്ച  നിയമകാര്യസെൽ ഉടൻ പ്രവർത്തനം തുടങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാകും  സമിതി പ്രവർത്തിക്കുക. ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീം കോടതി  അഭിഭാഷകരെ എത്തിച്ചിട്ടും നിർണ്ണായക കേസുകളിൽ സർക്കാറിന് തോൽവി ഉണ്ടാകുന്ന സാഹചര്യത്തിലാണ് നീക്കം. 

സർക്കാറിനെതിരായ ഹൈക്കോടതിയിലെത്തിയ പ്രമാദമായ കേസുകളിലെല്ലാം സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകരെയാണ് എത്തിച്ചിരുന്നത്. സ്പ്രിംക്ലർ, പെരിയ, ഏറ്റവും ഒടുവിൽ ലൈഫ് മിഷൻ ക്രമക്കേട് കേസുകളിൽ സമാന സാഹചര്യം ഉണ്ടായി.  

നിയമ വിദഗ്ധരായ നിരവധി അഭിഭാഷകർ സർക്കാറിന് കീഴിൽ  ഉള്ളപ്പോഴാണ് കോടികളുടെ ഈ അധിക ചെലവ്. കേസുകളിലാകട്ടെ സർക്കാറിന് തിരിച്ചടിയുണ്ടായി.   ഇതിന് പുറമെയാണ് സാമ്പത്തിക ബാധ്യതയുടെ പേരിലുള്ള വിമർശനം.  ലൈഫ് ക്രമക്കേടിൽ  സുപ്രീംകോടതി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ  അഞ്ച് മിനുട്ട് ഓൺലൈൻ വഴി ഹാജരായതിന് നൽകേണ്ടിവന്നത്  11 ലക്ഷം രൂപയാണെന്നാണെന്നാണ് സൂചന. 

ഈ സാഹചര്യങ്ങൾകൂടി കണക്കിലെടുത്താണ് കേസുകളുടെ മോൽനോട്ടത്തിനും, കാര്യക്ഷമത ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ പുതിയ നിയമകാര്യസെൽ തുടങ്ങിയത്.  ഹൈക്കൗോടതിയിലെ വിജിലൻസ് സ്പെഷ്യൽ പ്ലീഡർ എ രാജേഷിനാണ് സമിതിയുടെ ചുമതല, അധിക ചുമതലയാണ് നൽകിയതെന്ന്തിനാൽ ഇത് സാമ്പത്തിക ബാധ്യതയാകില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. 

ഹൈക്കോടതിയിലും കീഴ്കോടതിയിലുമെല്ലാം സർക്കാറിനെതിരായ വരുന്ന കേസുകൾ എങ്ങനെ കൈകൈര്യം ചെയ്യണമെന്നത് സമിതിയുടെ തീരുമാനങ്ങൾ പരിഗണിച്ചാകും ഇനി നടക്കുക.സമിതിയിൽ മറ്റ് അംഗങ്ങളുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

സർക്കാറിനെതിരായ  ഹൈക്കോടതിയിലെ കേസുകൾ എങ്ങനെ നടക്കുന്നു എന്ന് നോക്കുന്നതിന് മാത്രമായി  ലെയ്സൻ ഓഫീസറെ ഒന്നര ലക്ഷംരൂപ നൽകി മുഖ്യമന്ത്രി നിയമിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ നിയമകാര്യ സമിതി.