ഇരുളം: വയനാട്ടിലെ ഇരുളത്ത് ജനവാസമേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടി. മയക്കുവെടി വച്ചാണ് പുലിയെ പിടികൂടിയത്. പുലിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു.

ബത്തേരി താലൂക്കില്‍ ഇരുളത്ത് മാതമംഗലം, കോഴിമൂല എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി പുലി ഭീതിപരത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാത്രിയടക്കം നാട്ടുകാരുമായി ചേർന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. പുലിയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങാതെ വന്നതോടെയാണ് പുലിയെ വെടിവച്ച് പിടികൂടാൻ തീരുമാനിച്ചത്.

പുലിയെ പിടിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്നലെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയിരുന്നു. സംഘർഷത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പലവട്ടം പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞത്.