ഒക്ടോബറിൽ തുടങ്ങിയ തുലാവർഷം ആദ്യ മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 240 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 306 എം എം ലഭിക്കേണ്ട സ്ഥാനത്താണ് 240 എം എം മാത്രം മഴ ലഭിച്ചത്
തിരുവനന്തപുരം: 'ദാന' ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലടക്കം തുലാവർഷം ആദ്യം തന്നെ കലിതുള്ളിയെത്തുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ആദ്യ മാസത്തെ കണക്ക് പുറത്തുവരുമ്പോൾ കേരളത്തിൽ 22 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറിൽ തുടങ്ങിയ തുലാവർഷം ആദ്യ മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 240 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 306 എം എം ലഭിക്കേണ്ട സ്ഥാനത്താണ് 240 എം എം മാത്രം മഴ ലഭിച്ചത്. അതായത് കൃത്യം 22 ശതമാനത്തിന്‍റെ കുറവാണ് ആദ്യ മാസത്തിൽ സംഭവിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ തുലാ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലായിരുന്നു. ഇവിടെ 375 എം എം മഴയാണ് ലഭിച്ചത്. ജില്ലയിൽ ഒക്ടോബർ മാസത്തിൽ ലഭിക്കേണ്ടതിനേക്കാൾ 28 ശതമാനം കൂടുതൽ മഴയാണ് ഇക്കുറി ലഭിച്ചത്. തിരുവനന്തപുരത്ത് 310 എം എം മഴ ലഭിച്ചു. തുലാവർഷത്തിലെ ആദ്യ മാസത്തിൽ ലഭിക്കേണ്ടതിനേക്കാൾ 16% കൂടുതൽ മഴ തലസ്ഥാനത്ത് ലഭിച്ചെന്ന് സാരം.
കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കണ്ണൂരിൽ തുലാവർഷത്തിലും കാര്യമായ മഴ ലഭിച്ചെന്നാണ് കണക്ക്. കണ്ണൂരിൽ 263 എം എം മഴ ലഭിക്കേണ്ടിടത്ത് 270 എം എം മഴ ലഭിച്ചു. അതായത് 2 ശതമാനം അധികം മഴയാണ് ജില്ലക്ക് കിട്ടിയത്. അതേസമയം കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച രണ്ടാമത്തെ ജില്ലയായ കാസർകോടാണ് തുലാവർഷത്തിലെ ആദ്യ മാസത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത്. ജില്ലയിൽ 120.5 എം എം മഴ മാത്രമാണ് ഒക്ടോബറിൽ പെയ്തത്. 235 എം എം ലഭിക്കേണ്ടിടത്താണ് ഇത് സംഭവിച്ചത്. 49 ശതമാനം കുറവാണ് കാസർകോട് രേഖപ്പെടുത്തിയ മഴയുടെ കണക്ക്.
എറണാകുളത്താകട്ടെ 355.2 എം എം മഴ പ്രതീക്ഷിച്ചിടത്ത് 177.1 എം എം മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലും സാധാരണ ഒക്ടോബർ മാസത്തിൽ ലഭിക്കുന്ന മഴയെക്കാൾ വളരെ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. നവംബർ മാസത്തിൽ തുലാവർഷം സജീവമാകുന്നത്തോടെ ഒക്ടോബർ മാസത്തിൽ ലഭിച്ച മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
