തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ ലൈഫ് ഗാർഡിന്റെ മൃതദേഹം കണ്ടെത്തി. ചെറിയതുറ സ്വദേശി ജോൺസൺ ഗബ്രിയേലിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. വലിയതുറ തീരത്തുനിന്നാണ് ജോൺസൺന്റെ മൃതദേഹം കിട്ടിയത്.

വായിക്കാം; ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിച്ച ലൈഫ് ഗാർഡിനെ കാണാതായി

ഈ മാസം 21-നാണ് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ജോൺസനെ തിരയിൽപ്പെട്ട് കാണാതായത്. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. പെൺകുട്ടി കടലിൽ ചാടുന്നത് കണ്ട് രക്ഷിക്കാൻ ജോൺസണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുമാരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു കരയിൽ എത്തിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് ജോൺസന് ബോധം നഷ്ടമായി. തുടർന്ന് ജോൺസനെ കാണാതാവുകയായിരുന്നു.

വായിക്കാം;കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡിനായി തെരച്ചിൽ തുടരുന്നു

സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് തെരച്ചിലിന് കോസ്‌റ്റ് ഗാർഡിന്‍റെ ബോട്ട് എത്തിയത്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശംഖുമുഖ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. തുടർച്ചയായി അപകടം നടക്കുമ്പോഴും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.