Asianet News MalayalamAsianet News Malayalam

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ്, കെഎസ്ആർടിസി-സ്വിഫ്റ്റ് കമ്പനി, ജനപ്രിയ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നൽകാനും കെഎസ്ആർടിസി സ്വിഫ്റ്റ് കന്പനി രൂപീകരിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സ്ത്രീകള്‍ക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. 

life house insurance ksrtc swift pinarayi press meet
Author
kochi, First Published Feb 17, 2021, 7:24 PM IST

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സര്‍ക്കാര്‍. ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നൽകാനും കെഎസ്ആർടിസി സ്വിഫ്റ്റ് കന്പനി രൂപീകരിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സ്ത്രീകള്‍ക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. 

ലൈഫ് മിഷനില്‍ നിര്‍മിച്ച ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുക. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.  മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം. ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കാനും തീരുമാനമായി. 

കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നൽകി. കിഫ്ബി വായ്പയില്‍ പുതിയ ബസ്സുകള്‍ നിരത്തിലിറക്കുന്നതിനും ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുമാണ് കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിടപ്പെട്ട എംപാനല്‍ഡ് ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ കൂടിയാണ് കമ്പനി രൂപീകരിക്കുന്നത്. സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

 

Follow Us:
Download App:
  • android
  • ios