തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തെ അതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത് അന്വേഷണം മുഖ്യമന്ത്രിക്ക് നേരെ വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിൽ ഹർജി നൽകിയത് മുഖ്യമന്ത്രിയിലേക്ക് ചോദ്യങ്ങൾ എത്തും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാൽ സിബിഐ അന്വേഷണം നടത്താമെന്നു മുൻപ് സർക്കാർ സമ്മതിച്ചിരുന്നെന്ന് രേഖകൾ സഹിതം വാദിച്ച പ്രതിപക്ഷ നേതാവ് ഇത് മറിച്ച് വച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ആരോപിച്ചു. 

 വിദേശ വിനിമയ ചട്ട ലംഘനംഉണ്ടായാൽ സിബിഐ അന്വേഷണം നടത്താമെന്നു 2017  ജൂൺ 13 ന് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.സിബിഐ അപേക്ഷ അനുവദിച്ചായിരുന്നു വിജ്ഞാപനം ഇറക്കിയത്. ലൈഫ് മിഷൻ ക്രമക്കേടിനെതിരാ. സിബിഐ അന്വേഷണം വിലക്കാൻ ഓർഡിനൻസ് ഇറക്കാൻ പോലും സർക്കാർ ആലോചിച്ചു. ലൈഫ് കരാർ ആകാശത്തു നിന്നും പൊട്ടി വീണത് അല്ല. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലെ ചർച്ചയുടെ ഫലം ആണ് കരാറെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കൊവിഡ് കാല പ്രതിസന്ധി മറികടക്കാൻ 100 അരലക്ഷം നിയമനം എന്ന സര്‍ക്കാര്‍ വാഗ്ദാനം തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിനെ വരെ സ്ഥിരപ്പെടുത്താൻ നോക്കുന്നു. കൊവിഡ് പ്രതിരോധത്തിൽ ഒരു ജാഗ്രതയും ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം അല്ലാതെ ഒന്നും നടക്കുന്നില്ല, കൊവിഡ് ബാധിച്ചു മരിച്ച രണ്ടു പേരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ആലുവ എംഎൽഎ അൻവര്‍ സാദത്തിനെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് അത് മുഖ്യമന്ത്രി ചെയ്യേണ്ടിരുന്നതാണെന്നും പറ‌ഞ്ഞു.