Asianet News MalayalamAsianet News Malayalam

ലൈഫ് വിവാദം: നിയമസഭയിൽ വാദപ്രതിവാദം, തദ്ദേശ തെരഞ്ഞെടുപ്പോടെ അഴിമതി ഒഴുകിപ്പോകില്ലെന്ന് പ്രതിപക്ഷം

  • പൊതുപ്രവര്‍ത്തകര്‍ അഴിമതി ചെയ്താൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി 
  • വിജിലൻസ് മാധ്യമങ്ങൾക്ക് വാര്‍ത്ത ചോര്‍ത്തുന്നില്ലെന്ന് മൊയ്ദീൻ 
  • റഡ് ക്രസന്‍റ് വന്നത് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടെന്ന് അനിൽ അക്കര 
  • സിബിഐ വന്നപ്പോൾ സര്‍ക്കാര്‍ ഓടിക്കാൻ ശ്രമിച്ചെന്ന് ചെന്നിത്തല 
life mission controversy in niyamasaha
Author
Trivandrum, First Published Jan 13, 2021, 11:20 AM IST

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവൻ നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം നിയമസഭയിൽ. വടക്കാഞ്ചേരിയിൽ ഭൂമി വാങ്ങിയപ്പോൾ തന്നെ ആക്ഷേപം ഉണ്ടായിരുന്നു എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ അനിൽ അക്കര എംഎൽഎ ആരോപിച്ചു. 2019 ജൂലായിൽ 15 കോടി അനുവദിച്ചു സർക്കാർ ഫ്ലാറ്റ് പണിയാൻ അനുമതി നൽകി.അന്ന് തന്നെ ആണ് റെഡ് ക്രസന്റുമായി ധാരണ പത്രം ഒപ്പിട്ടത്. ശിവശങ്കർ ആവശ്യപ്പെട്ട പ്രകാരമാണ് പദ്ധതിയിലേക്ക് റെഡ്ക്രസൻ്റ് കടന്നു വരുന്നത്. ഇത് തെളിയിക്കുന്ന രേഖകൾ കൈവശം ഉണ്ടെന്നും അനിൽ അക്കര നിയമസഭയിൽ പറഞ്ഞു. 

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് ' നൽകാനുള്ള പദ്ധതിയാണല്ലോ ലൈഫ്. എത്ര ഗുണഭോക്താക്കളുണ്ടെന്ന്  സർക്കാർ വ്യക്തമാക്കണം. ലൈഫിൽ നടന്നത് ആസൂത്രിത അഴിമതിയാണ്.സർക്കാർ ഭൂമിയിൽ മറ്റൊരു ഏജൻസി കെട്ടിടം പണിയുമ്പോൾ കരാറിൽ സർക്കാർ കക്ഷി ആകാത്തത് എന്തുകൊണ്ടാണെന്നും അനിൽ അക്കര ചോദിച്ചു. യൂണിറ്റാക് ബിൽഡേഴ്സിനെ കൊണ്ട് വന്നത് ആരാണ് എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയണം. ജിഎസ്ടി വരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനം കണ്ട വൻ അഴിമതി ആണ് ലൈഫ്. ആർത്തിപണ്ടാരം മൂത്ത അഴിമതി നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്നും അനിൽ അക്കര ആരോപിച്ചു.

ലൈഫിൽ പുതിയത് ഒന്നും പ്രതിപക്ഷത്തിന് പറയാനില്ലെന്ന് തദ്ദേശ ഭരണ മന്ത്രി എസി മൊയ്ദീൻ പറഞ്ഞു. രണ്ടു ലക്ഷത്തിലേറെ വീടുകൾ സര്‍ക്കാര്‍ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തിന് മാതൃക ആയ പദ്ധതിയെ  ആകെ താറടിക്കാൻ ആണ് ശ്രമം നടക്കുന്നത്. വടക്കഞ്ചേരി പദ്ധതിയിൽ യുഎഇ റെഡ് ക്രസന്റ് താല്പര്യം പ്രകടിപ്പിച്ചു.  ലൈഫ് മിഷന് സാമ്പത്തിക മായി ഉത്തരവാദിത്തം ഇല്ല. വിദേശ സഹായത്തോടെ ഉള്ള പല പദ്ധതികളും കേരളത്തിൽ നടക്കുന്നുണ്ട്. അതേ സമയം പുറത്തു വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.

പൊതു പ്രവർത്തകർ ആരെങ്കിലും അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കര്‍ശന നടപടി ഉണ്ടാകും. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി യുള്ള അന്വേഷണം അല്ല വിജിലൻസ് നടത്തുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചക്ക് രാഷ്ട്രീയ നേതൃത്വത്തിനു പങ്കില്ല എന്ന ഹൈക്കോടതി ഉത്തരവ് ഇക്കാര്യത്തിൽ നിർണ്ണായകം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഇത് വരെ പറഞ്ഞ ആരോപണങ്ങൾ കോടതി ഉത്തരവോടെ പൊളിഞ്ഞു. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ഒരാവശ്യവും ഇല്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. 

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ലൈഫ് മിഷൻ അഴിമതി ഒഴുകിപ്പോയെന്ന് കരുതേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ഹൈക്കോടതി വിധി സർക്കാരിന് ഏറ്റ കനത്ത പ്രഹരം ആണ്. രാഷ്ട്രീയക്കാർക്ക് പങ്കില്ല എന്ന കോടതി നിരീക്ഷണം കണ്ട് സന്തോഷിക്കേണ്ട ഒരു കാര്യവും ഇല്ല. അന്വേഷണം തീരുമ്പോൾ അല്ലേ പ്രതികൾ ആരെന്നു അറിയൂ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞ എല്ലാ ന്യായീകണങ്ങളും കോടതി വിധിയോടെ പൊളിഞ്ഞു. കേന്ദ്രത്തിന്‍റെ മുൻ‌കൂർ അനുമതി വേണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞതും കോടതി തള്ളി. ലൈഫിലെ മുഖ്യ സൂത്രധാരൻ ശിവശങ്കർ അത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് എങ്ങിനെ വിശ്വസിക്കും എന്നും  ചെന്നിത്തല ചോദിച്ചു. 

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സര്‍ക്കാര് നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി 

 

Follow Us:
Download App:
  • android
  • ios