Asianet News MalayalamAsianet News Malayalam

അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോൺ; കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്ന് മറുപടി; വാക് പോര് മുറുകുന്നു

അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര എം എൽ എ സാത്താന്റെ സന്തതിയാണെന്ന് ബേബി ജോൺ ആരോപിച്ചു. സാത്താൻ്റെ ഛായ ആർക്കെന്ന് കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്നായിരുന്നു അനിൽ അക്കരയുടെ പ്രതികരണം. പദ്ധതി നടത്തിപ്പിനായി യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷൻ ആണെന്ന് തെളിയിക്കുന്ന രേഖകളും എംഎൽഎ പുറത്തു വിട്ടു. 

life mission flat controversy cpm leaders  anil akkara fight continues
Author
Thrissur, First Published Sep 3, 2020, 1:23 PM IST

തൃശ്ശൂർ: ലൈഫ് പദ്ധതി വിവാദത്തിൽ വാക് പോര് മുറുക്കി സിപിഎം നേതാവ് ബേബി ജോണും കോൺ​ഗ്രസ് എംഎൽഎ അനിൽ അക്കരയും രം​ഗത്ത്.  അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര എം എൽ എ സാത്താന്റെ സന്തതിയാണെന്ന് ബേബി ജോൺ ആരോപിച്ചു. സാത്താൻ്റെ ഛായ ആർക്കെന്ന് കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്നായിരുന്നു അനിൽ അക്കരയുടെ പ്രതികരണം. പദ്ധതി നടത്തിപ്പിനായി യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷൻ ആണെന്ന് തെളിയിക്കുന്ന രേഖകളും എംഎൽഎ പുറത്തു വിട്ടു. 

ലൈഫ് പദ്ധതി തകർക്കാനുള്ള യുഡിഎഫ് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ  വടക്കാഞ്ചേരിയിൽ നടത്തിയ ബഹുജന സത്യഗ്രഹത്തിലാണ് അനിൽ അക്കരയ്ക്കെതിരെ ബേബി ജോൺ അടക്കമുള്ള നേതാക്കൾ ആഞ്ഞടിച്ചത്. പദ്ധതിയിൽ നിന്ന് കമ്മീഷൻ ലഭിക്കാത്തതാണ് അനിൽ അക്കര എംഎൽഎയെ പ്രകോപിപ്പിച്ചതെന്നാണ് നേതാക്കൾ ആരോപിച്ചത്. 

വടക്കാഞ്ചേരി ഓട്ടുപാറയിൽ സി പി എമ്മിൻ്റെ നേതൃത്വത്തിൽ നടന്ന  സത്യഗ്രഹസമരത്തിലുടനീളം ഉയർന്നത് അനിൽ അക്കര എംഎൽഎയ്ക്കെതിരായ രൂക്ഷ വിമർശനങ്ങളാണ്. സ്വന്തം മണ്ഡലമായ വടക്കാഞ്ചേരിയിൽ ഒരു വികസന പ്രവർത്തനം പോലും നടത്താത്ത എം എൽ എ ഭവനരഹിതർക്ക് വീട് ലഭിക്കുന്ന പദ്ധതി തകർക്കാൻ ശ്രമിക്കുന്നത് ദുഷ്ടലാക്കോടെയാണ്. സർക്കാരിനെയും വടക്കാഞ്ചേരി നഗരസഭ ഭരണ സമിതിയെയും മന്ത്രി എ സി മൊയ്തീനെയും അപകീർത്തിപ്പെടുത്താനാണ് എം എൽ എ യുടെ നീക്കമെന്നും നേതാക്കൾ ആരോപിച്ചു.

ഇതിനു പിന്നാലെ മറുപടിയുമായി എംഎൽഎ തന്നെ രം​ഗത്തെത്തി. ഫ്ലാറ്റ് നിർമ്മാണത്തിന് യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ്മിഷൻ തന്നെയാണ്. റെഡ് ക്രെസന്റാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തെന്ന സർക്കാർ വാദം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിടാക്കിന്റെ പദ്ധതി അംഗീകരിച്ചതായുള്ള ലൈഫ് മിഷന്റെ രേഖയാണ് എം എൽ എ പുറത്ത് വിട്ടത്.

അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നിട്ട് ആഴ്ചകളായെങ്കിലും ഇതാദ്യമായാണ്  സിപിഎം ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. തുടക്കത്തിൽ  സി പി എം ജില്ലാ നേതൃത്വം മന്ത്രി എ സി മൊയ്തീനെ പ്രതിരോധിക്കാൻ രംഗത്ത് വരാതെ മൗനം പാലിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് സത്യഗ്രഹം നടത്താൻ തീരുമാനിച്ചത്.

Follow Us:
Download App:
  • android
  • ios