വടക്കാഞ്ചേരി: ലൈഫ് പദ്ധതി തകർക്കാനുള്ള യുഡിഎഫ് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്ന് ബഹുജന സത്യഗ്രഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10 മണിക്ക് വടക്കാഞ്ചേരി ഓട്ടുപാറയിലാണ് സത്യഗ്രഹം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്യും. 

കഴിഞ്ഞ ഒന്നാം തീയതി നടക്കേണ്ടിയിരുന്ന സത്യഗ്രഹം ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. യുഡിഎഫും അനിൽ അക്കര എംഎൽഎയും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും ലൈഫ് പദ്ധതിയെ തകർക്കാനാണ് ശ്രമം എന്നുമാണ് സിപിഎം വിശദീകരിക്കുന്നത്. 

ലൈഫ് പദ്ധതിയില്‍ നടന്നത് വന്‍ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല നേരത്തെ നിയമസഭയില്‍ ആരോപിച്ചിരുന്നു. ലൈഫ് പദ്ധതി രണ്ടാം ലാവലിന്‍ എന്നും മന്ത്രി എ സി മൊയ്ദീന്റെ കൈകള്‍ ശുദ്ധമല്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ നിര്‍മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റും യൂണിടാക്കും തമ്മിലെന്ന് തെളിയിക്കുന്ന കരാര്‍ രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ധാരണപത്രത്തില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിര്‍മാണ കരാറില്‍ കക്ഷിയല്ല. ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത് ജുലൈ 11നായിരുന്നു. 

യുഎഇയിലെ റെഡ് ക്രസെന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ട് റെഡ് ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.