കഴിഞ്ഞ 19 നാണ് വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുന്നത്. 

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകൾ നൽകാതെ സർക്കാറിന്റെ ഒളിച്ചുകളി. ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി 10 ദിവസം കഴിഞ്ഞിട്ടും ഒരു മറുപടിയും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ , യോഗങ്ങളുടെ മിനിറ്റ്സ് ഉള്‍പ്പെടെയുള്ള രേഖകൾ അടിയന്തിരമായി നല്‍കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഇന്നലെ വീണ്ടും സർക്കാരിന് കത്ത് നൽകിയിരിക്കുകയാണ്

 കഴിഞ്ഞ 19 നാണ് വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുന്നത്. റെഡ്ക്രസന്‍റുമായി ധാരണാ പത്രം ഒപ്പിടുന്നതിന് മുന്‍പായി നടന്ന യോഗങ്ങളുടെ മിനിറ്റ്സുകൾ നൽകണം എന്നതായിരുന്നു പ്രധാന ആവശ്യം. 
യുഎ ഇ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് സ്വപ്ന സുരേഷ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നോ, മിനിറ്റ്സിന് അനുസരിച്ച് തന്നെയാണോ ധാരണാ പത്രം ഒപ്പിട്ടത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.കത്തില്‍ ആവശ്യപ്പെടുന്ന മറ്റു കാര്യങ്ങള്‍ ഇവയാണ്. വിദേശത്ത് നിന്ന് സാമ്പത്തിക സഹായം വാങ്ങുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് ചട്ടം. 

ഈ അനുമതി വാങ്ങിയിരുന്നുവോ? റെഡ്ക്രസന്‍റുമായി ധാരണപത്രം ഒപ്പുവെക്കും മുമ്പ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരുന്നുവോ. നിയമവകുപ്പ് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് അറിയിച്ചിരുന്നോ? ലൈഫ് മിഷന് പദ്ധതിക്ക് വിദേശ സഹായം വാങ്ങാൻ സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ. ഇതിന് മന്ത്രിസഭയുടെ അനുമതിയുണ്ടോ? റെഡ്ക്രസന്‍റും സർക്കാരും തമ്മിലാണ് ഫ്ലാറ്റ് നിര്മിക്കാന്‍ ധാരണാപത്രം ഒപ്പിട്ടത്. 

പക്ഷെ ഇതിന്‍റെ അടിസ്ഥാനത്തിലുള്ള നിർമാണ കരാറില്‍ ഒപ്പു വെയ്ക്കുന്നത് യുഎഇ കോണ്‍സലേറ്റും കേരളത്തിലെ ഒരു സ്വകാര്യ ഏജൻസിയുമാണ്. സര്‍ക്കാര്‍ ചിത്രത്തിലില്ല. എത് സാഹചര്യത്തിലാണ് ഒരു വിദേശ രാജ്യവുമായി സംസ്ഥാനത്തെ ഒരു സ്വകാര്യ ഏജന്‍സിക്ക് കരാര്‍ ഒപ്പിടാന്‍ കഴിയുന്നതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദിക്കുന്നു. ഇതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നുവോ എന്നും വ്യക്തകമാക്കണം

 പക്ഷെ 10 ദിവസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.