'ലൈഫി'ൽ ലഭിച്ചത് ആദ്യ ഗഡു മാത്രം, വീടുപണി പാതിവഴിയിൽ, പെരുകിപ്പെരുകി കടം, വാര്‍ദ്ധക്യത്തിൽ കണ്ണീര്‍ തോരാതെ...
എല്ലാ ആഴ്ചയും പഞ്ചായത്തില്‍ പോയി ചോദിക്കുന്നുണ്ട്. ഫണ്ടില്ല, പോയിട്ട് വാ, ഞങ്ങളെന്ത് ചെയ്യാനാണ് എന്നാണ് മറുപടി

കാലടി: ലൈഫ് ഭവന പദ്ധതിയിൽ പണം മുടങ്ങിയതോടെ വീട് പൂർത്തിയാക്കാനാകാതെ പ്രതിസന്ധിയിലാണ് കാലടിയിലെ സുകുമാരൻ. ഏഴ് മാസമായി ആദ്യ ഗഡുമാത്രമാണ് സുകുമാരന് കിട്ടിയത്. പലിശക്ക് കടം വാങ്ങി വീടുപണി തുടരേണ്ട അവസ്ഥയിലാണ് സുകുമാരനും കുടുംബവും.
കാലടി ഒക്കൽ പഞ്ചായത്തിലെ സുകുമാരൻ വാർദ്ധക്യത്തിലെ അവശതയിലും കാത്തിരിപ്പിലാണ്. സ്വന്തം വീട് പൂർത്തിയായി കിട്ടാനുള്ള കാത്തിരിപ്പ്. സ്വന്തമായി ഭൂമിയുള്ളത് കൊണ്ട് വീട് വയ്ക്കാൻ സഹായം കിട്ടി. തീരുമാനം വന്ന് ആറ് മാസം പിന്നിടുമ്പോഴും കിട്ടിയത് ചെറിയ തുക മാത്രം.
താളം തെറ്റി ലൈഫ് പദ്ധതി, വീടുപണി മുടങ്ങി; ടാർപോളിൻ കെട്ടിയ കൂരയിൽ അര്‍ബുദ രോഗിക്ക് ദുരിത ജീവിതം
മൂന്ന് പെണ്‍മക്കളും ഭാര്യയും ഉൾപ്പെടുന്ന കുടുംബം ഇപ്പോൾ തത്കാലത്തേക്ക് ഒരു ബന്ധുവീട്ടിലേക്ക് മാറി. അവിടെ നിന്നും ഇറങ്ങാൻ സമയമാകുമ്പോഴും വീട് പണി പൂർത്തിയാകുമോ എന്നാണ് ആശങ്ക. അടിസ്ഥാനം കെട്ടി, ചുവര് കെട്ടി, മേൽക്കൂര വാർത്തു. കടവും പെരുകി പെരുകി വരുന്നു. ഇനി മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്.
ആകെ 40,000 രൂപയാണ് ലഭിച്ചത്. എല്ലാ ആഴ്ചയും പഞ്ചായത്തില്‍ പോയി ചോദിക്കുന്നുണ്ട്. ഫണ്ടില്ല, പോയിട്ട് വാ, ഞങ്ങളെന്ത് ചെയ്യാനാണ് എന്നാണ് പറയുന്നതെന്ന് സുകുമാരനും കുടുംബവും പറയുന്നു. ലൈഫ് പദ്ധതിയിൽ വിവിധ പഞ്ചായത്തുകളിലെ മറ്റ് ഗുണഭോക്താക്കളും സമാനമായ പരാതികൾ ഉയർത്തിയിരുന്നു. പരാതികൾ പരിശോധിക്കുമെന്ന് ലൈഫ് മിഷൻ വ്യക്തമാക്കി.
വീടുപണി മുടങ്ങി, ടാര്‍പോളിന്‍ കെട്ടിയ കൂരയില്‍ ദുരിത ജീവിതം
ലൈഫ് പദ്ധതിയിലെ വീട് പണി മുടങ്ങിയതോടെ ടാർപോളിൻ കെട്ടിയ കൂരയിൽ ദുരിത ജീവിതം നയിക്കുകയാണ് പത്തനംതിട്ട സീതത്തോട് സ്വദേശി ഗോപാലകൃഷ്ണനും ഭാര്യയും. ആദ്യ ഗഡുവായി കിട്ടിയ പണംകൊണ്ട് തറ കെട്ടിയെങ്കിലും ബാക്കി തുക ഇതുവരെ ലഭിക്കാത്തതാണ് വീട് പൂർത്തിയാക്കാൻ തടസ്സം. കൂലിപ്പണിക്കാരനായ ഗോപാലകൃഷ്ണന് കാൻസർ കൂടി പിടിപെട്ടതോടെ പട്ടിണിയുടെ വക്കിലാണ് കുടുംബം.
അർബുദം ബാധിച്ചതോടെ ഗോപാലകൃഷ്ണന്‍റെ ആരോഗ്യമെല്ലാം ക്ഷയിച്ചു. ജോലിക്ക് പോകാനാകില്ല. ജീവിതം വഴിമുട്ടിയ അവസ്ഥ. തലചായ്ക്കാൻ ഒരു വീട് ഇല്ലാത്തത് അതിലേറെ ദുഃഖം. ഷീറ്റായാലും മതി, നനയാതെ ഒന്നു കിടന്നുറങ്ങിയാല്‍ മതിയെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മൂന്ന് സെന്‍റിലെ പഴയ വീട് പൊളിച്ച ശേഷമാണ് സമീപത്ത് കൂരകെട്ടി താമസമാക്കിയത്. ലൈഫ് പദ്ധതിയിൽ കിട്ടിയ ആദ്യഘട്ട തുക കൊണ്ട് പുതിയ വീടിന് തറകെട്ടി. ബാക്കി തുകയ്ക്കായി നാലു മാസത്തിലധികമായി കാത്തിരിക്കുകയാണെന്ന് ഭാര്യ സരസ്സമ്മ പറയുന്നു. ഒരു മുറിയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.