എഴുത്തിലും ഭാഷയിലും അനന്യമായ ശൈലി ആവാഹിച്ച കഥാകാരനായിരുന്നു യുഎഖാദർ. ഒറ്റപ്പെടലിന‍്റെ വ്യഥകളും, കണ്ടറിഞ്ഞ ചുറ്റുപാടുകളും, പിറന്ന നാടിനെ കുറിച്ചുള്ള നോവുകളും പ്രതിഫലിച്ച എഴുത്തുകളായിരുന്നു അദ്ദേഹത്തിന്‍റെത്. മലയാളിക്ക് മുന്നിൽ ഖാദർ തുറന്നിട്ടത് അനുഭവങ്ങളാൽ സമ്പന്നമായ കഥകളുടെ വലിയ ലോകമാണ്. 

ബർമയിൽ കച്ചവടത്തിന് പോയ കൊയിലാണ്ടിക്കാരൻ മൊയ്തീൻ കുട്ടി ഹാജിയുടേയും ബർമ്മകാരി മാമൈദിയുടേയും മകൻ. ജനിച്ച് മൂന്നാം ദിനം വസൂരി ബാധിച്ച് അമ്മയുടെ മരണം. ഏഴാം വയസുവരെ ബർമ്മയിൽ. രണ്ടാംലോക മഹായുദ്ധം ജപ്പാന്‍റെ ബോംബുകളായി പെയ്തിറങ്ങിയപ്പോൾ ബാപ്പയുടേയും കുഞ്ഞു ഖാദറിന്‍റേയും പലായനം. 

അറാക്കൻ മലനിരകൾ താണ്ടി ചിറ്റഗോങ് വഴി മാസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ കൊയിലാണ്ടിയിൽ. പിന്നെ ജീവിതം പലരുടേയും കാരുണ്യത്തിൽ. പരദേശിയുടെ മുഖച്ഛായയും ബർമ്മൻ ഭാഷയും സൗഹൃദങ്ങൾക്ക് തടസമായി. അപരിചിത ദിക്കിൽ ഒറ്റപ്പെട്ടും അവഗണന നേരിട്ടുമായിരുന്നു ജീവിതം. ഇതൊക്കെ കുഞ്ഞുഖാദർ മറികടന്നത് വായനയിലൂടെ. പലായനയും ബർമ്മൻ ഓർമ്മകളും ഖാദറിലെ എഴുത്തുകാരന് ഉൾവളവുമായി. രണ്ടാനമ്മയുടെ വീട്ടിനടുത്ത നാഗക്കാവും തെയ്യവും കോമരവും നെയ്ത്ത് തെരുവിലെ തറികളുടെ നിലക്കാത്ത ശബ്ദവും ഖാദറിന്‍റെ എഴുത്തിന് ഊടുംപാവുമേകി.

ഖാദറിലെ വായനക്കാരനെ വളർത്തിയ സിഎച്ച് മുഹമ്മദ് കോയ പത്രാധിപരായ ചന്ദ്രികയിൽ തന്നെ ആദ്യ കഥ പ്രസിദ്ധീകരിച്ചു. സ്കൂൾ ഫൈനൽസ് കഴിഞ്ഞതോടെ ചിത്രകല പഠിക്കാൻ മദിരാശിയിലേക്ക്. അവിടെ കാത്തിരുന്നത് സാഹ്യത്യ പ്രമുഖരുടെ സൗഹൃദം. തിരികെ നാട്ടിലെത്തി മരക്കമ്പനിയിലെ ഗുമസ്ഥനായും ദേശാഭിമാനിയുടെ പ്രപഞ്ചം സഹപത്രാധിപരായും പ്രവർത്തനം. പിന്നെ ആകാശവാണിക്കാലം. അവിടേയും ഖാദറിന്‍റെ എഴുത്ത് രീതികളെ പരുവപ്പെടുത്തിയ സൗഹൃദങ്ങൾ. തിക്കോടിയൻ, ഉറൂബ്, അക്കിത്തം, കക്കാട്... ആ നിര നീണ്ടു.

ജീവിതത്തിലെ ഒറ്റപ്പെടൽ സാഹിത്യത്തിലും തുടർന്നു. നിരൂപക പ്രശംസ ഏറെ ഏറ്റുവാങ്ങിയിട്ടും ഖാദറെന്ന എഴുത്തുകാരൻ അവഗണിക്കപ്പെട്ടു. പക്ഷേ, വായനക്കാർ, അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്ത ഖാദറിന്‍റെ കഥാലോകത്തിന്‍റെ വശത്തായിരുന്നു. ചങ്ങല, ഓർമ്മകളുടെ പഗോഡ, തൃക്കോട്ടൂർ പെരുമ, അഘോര ശിവം, വായോപാതാളം, ചാത്തുക്കുട്ടി ദൈവം, ഒരുപിടി വറ്റ്, മേശവിളക്ക്.. ആ തൂലികയിൽ പിറന്ന കഥകളെല്ലാം വായനക്കാർ നെഞ്ചേറ്റി.

ഹൈന്ദവ മിത്തോളജിയും രാഷ്ട്രീയവും മലബാറിലെ സാമൂഹിക അന്തരീക്ഷവും ആ എഴുത്തിൽ ഇടകടലർന്നു. തെയ്യവും തിറയും വ്യാളിമുഖങ്ങളും പഗോഡകളും വർണ്ണോജ്വലമായി നിറഞ്ഞാടി. തൃക്കോട്ടൂർ പെരുമ, കേന്ദ്ര, കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങളും സ്വന്തമാക്കി. കഥകളുടെ പൂക്കാലം മലയാളിക്ക് ബാക്കിവച്ച് കഥാകാരൻ കടന്നുപോവുകയാണ്...