Asianet News MalayalamAsianet News Malayalam

'അച്ഛനെ വിളിച്ചു, കിട്ടിയില്ല, ഓടിച്ചെന്നപ്പോൾ മണ്ണ് മാത്രം'; ഷിരൂരിൽ അർജുനെപ്പോലെ ജഗന്നാഥനും കാണാമറയത്ത്

ദുരന്തത്തിൽ മരിച്ച ലക്ഷ്മണയുടെ ഭാര്യാ സഹോദരനും ഹോട്ടലിലെ സഹായിയുമായിരുന്നു ജഗന്നാഥന്‍

Like Arjun Jagannathan is also missing at shirur landslide three daughters waiting for him
Author
First Published Aug 14, 2024, 9:01 AM IST | Last Updated Aug 14, 2024, 9:04 AM IST

ഷിരൂർ: ഷിരൂരിൽ ഗംഗാവലി പുഴയ്ക്കടുത്താണ് മൂന്ന് പെണ്‍മക്കളടങ്ങുന്ന ജഗന്നാഥന്‍റെ കുടുംബം. മണ്ണിടിച്ചിലിനു പിന്നാലെ ജഗന്നാഥനും കാണാമറയത്താണ്. ദുരന്തത്തിൽ മരിച്ച ലക്ഷ്മണയുടെ ഭാര്യാ സഹോദരനും ഹോട്ടലിലെ സഹായിയുമായിരുന്നു ജഗന്നാഥന്‍.

ശരീരം തുളഞ്ഞുപോകുന്നത് കണക്കെ കനത്ത മഴയായിരുന്നു. പകുതി കീറിയ തന്‍റെ കുടയുമായി ജഗന്നാഥന്‍ അന്നും ഹോട്ടലിലേക്ക് പോയി. ഇടയ്ക്ക് വിളിച്ചപ്പോള്‍ ഹോട്ടലിൽ തിരക്കുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. പെട്ടെന്നാണ് ദേശീയപാതയില്‍ മണ്ണിടിഞ്ഞെന്ന് വിളിച്ചുപറ‍ഞ്ഞുകൊണ്ട് അയൽവാസികൾ അങ്ങോട്ട്‌ ഓടുന്നത് കണ്ടത്. ഉടനെ അച്ഛനെ വീണ്ടും വിളിച്ചു. കിട്ടിയില്ല. ഇതുവരെ കിട്ടിയിട്ടില്ല.

ജഗന്നാഥന്റെ മകൾ കൃതികയുടെ വാക്കിലും കണ്ണിലുമുണ്ട് ഷി‌രൂരിലെ ദുരന്തത്തിന്റെ ആഴവും ഭയവും- "അച്ഛനെ ഫോണ്‍ വിളിച്ചു, കിട്ടിയില്ല. മാമിയെ വിളിച്ചു കിട്ടിയില്ല. അങ്ങോട്ട് ഓടി.. നോക്കുമ്പോൾ മണ്ണ് മാത്രം"

ഹോട്ടലുടമ ലക്ഷ്മണയുടെ ഭാര്യാ സഹോദരനായിരുന്നു ജഗനാഥന്‍. മനീഷയും കൃതികയും പല്ലവിയുമാണ് ജഗന്നാഥന്‍റെ മക്കൾ. ജഗന്നാഥന്‍റെയും ലക്ഷ്മണയുടെയും കുടുംബങ്ങളുടെ സന്തോഷ നിമിഷങ്ങൾ കൃതിക ഫോണിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മൃതദേഹം എങ്കിലും സർക്കാർ കണ്ടെത്തി തരണമെന്ന് ജഗന്നാഥന്‍റെ ഭാര്യ ബേബി കണ്ണീരോടെ പറയുന്നു. 

ഷിരൂരിൽ നിന്ന് ശുഭവാർത്ത, സാഹചര്യങ്ങളെല്ലാം അനുകൂലം; നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും ഇറങ്ങുമെന്ന് എസ്‌പി

Latest Videos
Follow Us:
Download App:
  • android
  • ios