ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥിയായി. ലാൽഗുഡിയിൽ മത്സരിക്കുന്ന ഇവരുടെ പേരിലും ഭർത്താവ് സാന്റിയാഗോ മാർട്ടിന്റെ പേരിലുമായി കോടികളുടെ സ്വത്തും 19 കിലോയിലധികം സ്വർണ്ണവുമുണ്ട്. ഇവർക്കെതിരെ നാല് ക്രിമിനൽ കേസുകളും നിലവിലുണ്ട്.

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കോടീശ്വരന്മാരായ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഒന്നാമതെത്തി എഐഎഡിഎംകെ സ്ഥാനാർത്ഥി ലീമ റോസ്. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് ഇവർ ജനവിധി തേടുന്നത്. കുടുംബത്തിന്റെ ആകെ സ്വത്ത് ഏകദേശം 5863 കോടി രൂപയാണെന്ന് ഇവർ ഔദ്യോഗികമായി വെളിപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

ലീമ റോസിന്റെ സ്വന്തം സ്വത്ത് 139 കോടി രൂപയും ജംഗമ ആസ്തിയും 910 കോടി രൂപയുടെ സ്ഥാവര ആസ്തികളും ലീമയുടെ പേരിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 9.82 കോടി രൂപയാണ് ഇവരുടെ വരുമാനം. ലോട്ടറി ബിസിനസ്സിലൂടെ പ്രശസ്തനായ ഭർത്താവ് സാന്റിയാഗോ മാർട്ടിന്റെ പേരിൽ 3,262 കോടി രൂപയുടെ ജംഗമ ആസ്തിയും 887 കോടി രൂപയുടെ സ്ഥാവര ആസ്ഥിയുമാണ്. 11.39 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. മകന്റെ പേരിൽ 225 കോടി രൂപയുടെ ചരാസ്തിയും 439 കോടി രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്.

സ്വർണ്ണവും രത്നശേഖരവും

ലീമ റോസിന്റെ ആഭരണശേഖരം ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്. സ്വർണ്ണം മാത്രം 19,233 ഗ്രാം (ഏകദേശം 19 കിലോയിൽ അധികം) ഉണ്ടെന്നാണ് കണക്കുകൾ. 1,31,813 ഗ്രാം (ഏകദേശം 131 കിലോ) വെള്ളിയും ഇവരുടെ കയ്യിലുണ്ട്. രത്നങ്ങൾ: 1,217 കാരറ്റ് ഡയമണ്ട്, 32 ഗ്രാം പ്ലാറ്റിനം എന്നിവയാണ് മറ്റ് കണക്കുകൾ. ഭർത്താവിനും മകനും കൂടി ഏകദേശം 600 ഗ്രാമിലധികം സ്വർണ്ണവും 81 കിലോയോളം വെള്ളിയുമുണ്ട്.

സമ്പത്തിനൊപ്പം തന്നെ ക്രിമിനൽ കേസുകളുടെ വിവരങ്ങളും ലീമ സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. നാല് ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ നിലവിലുള്ളത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ പണക്കൊഴുപ്പ് ചർച്ചയാകുമ്പോൾ ലീമ റോസിന്റെ ഈ വൻ ആസ്തി വിവരങ്ങൾ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറാൻ സാധ്യതയുണ്ട്.