മദ്യം വ്യാപിപ്പിക്കുന്ന ഏത് നടപടിക്കെതിരെയും മുസ്ലിം ലീഗ് എതിരാണെന്നും ഇക്കാര്യത്തിൽ ലീഗിൻ്റെ നിലപാടിൽ ഒരു വ്യക്തതക്കുറവും ഇല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എൽഡിഎഫ് ആണെങ്കിൽ മദ്യത്തിൻ്റെ കാര്യം നടപ്പിലാക്കും.എന്നാൽ യുഡിഎഫ് ആണെങ്കിൽ ഈ നയം നടപ്പിലാക്കില്ലെന്ന പ്രതീക്ഷ മുസ്ലിം സംഘടനകൾക്കുണ്ട്
മലപ്പുറം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് എം എൽ എ ടി വി ഇബ്രാഹിം. മദ്യം വ്യാപിപ്പിക്കുന്ന ഏത് നടപടിക്കെതിരെയും മുസ്ലിം ലീഗ് എതിരാണെന്നും ഇക്കാര്യത്തിൽ ലീഗിൻ്റെ നിലപാടിൽ ഒരു വ്യക്തതക്കുറവും ഇല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫിൽ ഇതുവരെ ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്യുമ്പോൾ ലീഗ് നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് ആണെങ്കിൽ മദ്യത്തിൻ്റെ കാര്യം നടപ്പിലാക്കും.എന്നാൽ യുഡിഎഫ് ആണെങ്കിൽ ഈ നയം നടപ്പിലാക്കില്ലെന്ന പ്രതീക്ഷ മുസ്ലിം സംഘടനകൾക്കുണ്ട്. ആ പ്രതീക്ഷയ്ക്ക് വല്ല വിഘാതവും സംഭവിക്കുമോ എന്ന ആശങ്കയാണ് സംഘടനകൾ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎംശ്രീ യുഡിഎഫ് മുന്നോട്ടുപോവില്ല
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും ടി വി ഇബ്രാഹിം പ്രതികരിച്ചു. ഫണ്ട് കിട്ടാത്തതുകൊണ്ട് പദ്ധതിയിൽ ഒപ്പിട്ടു പോയതാണെന്ന് പിണറായി വിജയൻ തന്നെ സഭയിൽ പറഞ്ഞതാണ്. അവർ കുറ്റം ചെയ്തു. ആ കുറ്റബോധത്തിൽ യുഡിഎഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണത്തിനുവേണ്ടി യുഡിഎഫ് നിലപാട് മാറ്റില്ലെന്നും എം എൽ എ കൂട്ടിച്ചേർത്തു.


