തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകള്‍ അടച്ചിടുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വില്‍പ്പനയില്‍ കാര്യമായ കുറവില്ലെന്നും ജീവനക്കാര്‍ക്ക് മാസ്കുകള്‍ നല്‍കിയിട്ടുണ്ടെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. മദ്യം കിട്ടാത്ത അവസ്ഥ വന്നാല്‍ സ്ഥിരം മദ്യപാനികള്‍ മറ്റ് വഴികള്‍ തേടും .അത് മറ്റൊരു ദുരന്തത്തിന് വഴിവച്ചേക്കുമെന്നാണ് സര്‍ക്കാരിന്‍റെ ഭീതി.സംസ്ഥാനത്ത് പ്രതിദിനം 40 കോടിയോളം രൂപയുടെ മദ്യവില്‍പ്പനയാണ് ബിവറേജസ് വില്‍പനശാലകളിലൂടെ മാത്രം നടക്കുന്നത്. കൊവിഡ്  ഭീതിയുടെ പേരില്‍ മദ്യവില്‍പ്പനശാലകള്‍ അടക്കരുതെന്ന ആവശ്യവുമായി മദ്യപാനികളുടെ സംഘടന രംഗത്തെത്തിയിട്ടുമുണ്ട്.

Read Also: മദ്യശാലകള്‍ അടച്ചിടേണ്ടതില്ല; തീരുമാനം സാഹചര്യം അനുസരിച്ചെന്നും എക്സൈസ് മന്ത്രി

അതേസമയം, ബാറുകളില്‍ കൂട്ടമായി ആളുകള്‍ എത്തി മദ്യപിക്കുന്നതും  പൊതു ഗ്ളാസ്സുകള്‍ ഉപയോഗിക്കുന്നതും രോഗ സാധ്യത കൂട്ടുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ അഭിപ്രായം. കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് ഏറ്റവും അത്യാവശ്യം ചെയ്യേണ്ടത് ആളുകള്‍ കൂട്ടം കൂടന്നത് ഒഴിവാക്കുകയാാണ്.ബിവറേജസ് കൗണ്ടറുകളിലെ  ആള്‍ക്കൂട്ടവും ഒഴിവാക്കേണ്ടതാണെന്നും ഐഎംഎ വൈസ് പ്രസിഡന്‍റ് ഡോ സുള്‍ഫി അഭിപ്രായപ്പെടുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക