തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറന്നാലും ക്ലബ്ബുകൾ തുറക്കില്ലെന്ന് സർക്കാർ അറിയിച്ചു. ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും അടുത്തയാഴ്ച തുറക്കും. ഓൺലൈൻ ബുക്കിം​ഗിനുള്ള മൊബൈൽ ആപ്പ് നാളെ തയ്യാറാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും ആ മാസം 18നോ 19നോ തുറക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ബെവ്കോയിലേതു പോലെ ബാറുകളിലെയും വിൽപന ഓൺലൈൻ ബുക്കിം​ഗിലൂടെയായിരിക്കും. പാഴ്സലായി മാത്രമേ മദ്യം നൽകൂ. ക്ലബ്ബുകൾ വഴിയുള്ള മദ്യവിൽപ്പന തൽക്കാലമുണ്ടാവില്ലെന്നാണ് ലഭിക്കുന്ന സൂചന. 

സംസ്ഥാനത്ത് മദ്യ വില വർദ്ധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിരുന്നു. പത്ത് മുതൽ മുപ്പത്തിയഞ്ച് ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഓർഡിനൻസ് ഉടൻ ഇറക്കും, ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടുവാനാണ് തീരുമാനം. ബാറുകളിൽ നിന്ന് പാഴ്സൽ നൽകുവാനും, വെ‍ർച്ച്വൽ ക്യൂ സംവിധാനം നടപ്പാക്കാനും അനുമതിയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള സാധ്യത സ‍ർക്കാ‍ർ പരിശോധിച്ചിരുന്നു. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാ‍ർട്ടപ്പ് മിഷനോടാണ് സ‍ർക്കാർ നിർദേശിച്ചിരിക്കുന്നത്.

ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാൻ നേരത്തെ തന്നെ സർക്കാരിൽ ധാരണയായിരുന്നു. ഇതിനായി അബ്കാരി ചട്ടഭേദ​ഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമ‍ർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബെവ്കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലും മദ്യവിൽപന നടത്താൻ. ബാറുകളുടെ കൌണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും. അതേസമയം വെയർഹൌസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും. 

Read Also: ബിയറിനും വൈനും 10% കൂടും, മറ്റെല്ലാ മദ്യത്തിനും 35%, 2000 കോടി അധിക വരുമാനം പ്രതീക്ഷ...