തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ (01.11.19) അവധി പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണിത്. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

കാസർകോട് ജില്ലയിലും നാളെ (01.11.2019) അംഗൻവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ദിവസമായിരിക്കും. പ്രൊഫഷണൽ കോളേജുകളുടെ പരീക്ഷകളിൽ പക്ഷേ മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ  പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള (അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (01/11/2019, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 1-ാം തീയതി അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (1.11.19) അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെയും, രൂക്ഷമായ കടലാക്രമണത്തിന്‍റെയും അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എം ജി സർവ്വകലാശാല നാളെ (നവംബർ ഒന്ന്, 2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാലാ പിആർഒ അറിയിച്ചിട്ടുണ്ട്. 

കാസർകോട് ജില്ലയിലെ തീരദേശത്തെ ഓടുമേഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്സ് മുറികളിലുള്ള കുട്ടികളെ അടിയന്തരമായി കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാൻ ജില്ലാ കലക്ടർ ഡോ. ഡി സജിത്ത് ബാബു നിർദേശം നൽകി. കോൺക്രീറ്റ് കെട്ടിടങ്ങളില്ലാത്ത വിദ്യാലയങ്ങളിൽ കുട്ടികളെ വീടുകളിലേക്ക് വിട്ട്, എത്തിയെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടർ അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് ഇന്ന് (31.10.2019) നടക്കാനിരുന്ന കാലിക്കറ്റ് സർവ്വകലാശാല ഇന്‍റർസോൺ ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു. ഈ മത്സരങ്ങൾ നവംബർ 4-ന് നടക്കുമെന്നും കാലിക്കറ്റ് സർവകലാശാല പിആർഒ അറിയിച്ചു.

പൊന്നാനിയിൽ ഒരു സ്കൂളിലടക്കം രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 150 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. പൊന്നാനി എം ഐ സ്കൂളിലും വെളിയങ്കോടുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്.

'ക്യാർ' ചുഴലിക്കാറ്റിന് പിന്നാലെ 'മഹ' ചുഴലിക്കാറ്റ് കൂടി എത്തിയതോടെയാണ് വടക്കൻ കേരളത്തിൽ മഴ ശക്തമായത്. അടുത്ത രണ്ട് ദിവസം കൂടി വടക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴ പെയ്യാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് ജില്ലകളിൽ കനത്ത ജാഗ്രത പാലിക്കണമെന്ന നിർദേശം ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്.